അമ്മമാരെ നടതള്ളുന്ന മക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വനിത കമ്മീഷന്‍

സ്വത്തെല്ലാം സ്വന്തം പേരിലാക്കിയതിനുശേഷം അമ്മമാരെ മക്കള്‍ ഉപേക്ഷിച്ചുകളയുന്ന കേസുകളില്‍ ആശങ്ക അറിയിച്ച്‌ വനിത കമ്മീഷന്‍.

മക്കളോടുള്ള അമിത വാത്സല്യം കാരണം സ്വത്തുവകകളെല്ലാം അവര്‍ക്ക് എഴുതി നല്‍കുന്ന അമ്മമാരുടെ എണ്ണം കൂടുന്നുണ്ട്. ഇത് അമ്മമാരുടെ ദൗര്‍ബല്യമായി കണക്കാക്കി അവരെ നട തള്ളുന്ന കേസുകള്‍ ജില്ലയില്‍ വര്‍ധിക്കുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നാല് ആണ്‍മക്കളുള്ള അമ്മ സംരക്ഷണമാവശ്യപ്പെട്ട് കമ്മീഷന് മുന്നിലെത്തിയ കേസ് പരിഗണിക്കുമ്ബോഴാണ് ഈ നിരീക്ഷണമുണ്ടായത്.

26 സെന്റ് സ്ഥലം സ്വന്തം പേരിലുണ്ടായിരുന്ന അമ്മയ്ക്കാണ് ഒടുവില്‍ താമസിക്കാന്‍ ഇടമില്ലാതായത്. നിലനില്‍പ്പുപോലും ഓര്‍ക്കാതെയാണ് അമ്മമാര്‍ മക്കള്‍ക്ക് സ്വത്തെഴുതി നല്‍കുന്നത്. അവസാനം താമസിക്കാന്‍ ഇടമില്ലാതെ പോലീസ് സ്റ്റേഷനുകളിലും അദാലത്തുകളിലും കയറിയിറങ്ങി നടക്കുകയാണ് വയോധികര്‍. വയോജന സംരക്ഷണ നിയമം ശക്തമാക്കിയാല്‍ മാത്രമേ ഇതിന് അവസാനമുണ്ടാകുവെന്നും കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആലപ്പുഴയില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ പറഞ്ഞു.

ഇത്തരം കേസുകളില്‍ എതിര്‍വാദികളെ ഹാജരാക്കാന്‍ ജില്ല പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.പതിവിന് വിപരീതമായി അമ്മായച്ഛന്മാര്‍ പ്രതിസ്ഥാനത്താകുന്ന കേസുകളും കൂടുന്നതായി കമ്മീഷന്‍ അറിയിച്ചു.സ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന സംരക്ഷണ നിയമം (ഐ.പി.സി 498(എ) പുനസ്ഥാപിച്ചതില്‍ സന്തോഷമുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.കേസില്‍ കമ്മീഷനും കക്ഷി ചേര്‍ന്നിരുന്നു.

നിയമം മരവിപ്പിച്ചതിനെതുടര്‍ന്ന് അനേകം സ്ത്രീകള്‍ക്ക് അതിക്രമങ്ങളേല്‍ക്കേണ്ടി വന്ന കേസുകളും അധ്യക്ഷ ചൂണ്ടിക്കാട്ടി.
ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 70 കേസുകളാണ് പരിഗണിച്ചത്. 22 എണ്ണം തീര്‍പ്പാക്കി. 11 കേസുകളില്‍ പോലീസിനോട് റിപ്പോര്‍ട് തേടി. 37 കേസുകളില്‍ പരാതിക്കാരോ എതിര്‍ഭാഗമോ ഹാജരായില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കമ്മീഷനംഗങ്ങളായ എം.എസ്.താര, ഷിജി ശിവജി, ഷാഹിദ കമാല്‍ തുടങ്ങിയവരും പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: