കണ്ണൂർ: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ അതോറിറ്റിയുടെ സഹായത്തോടെ കുടിവെള്ള പദ്ധതി

കണ്ണൂര്‍ : നഗരത്തിലേയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള വിതരണം സുഗമമാക്കുന്നതിനായാണ് വിപുലമായ

ജലവിതരണ ശൃംഖല ഒരുങ്ങുന്നത്. വിതരണത്തിനായി കൂടുതൽ വെള്ളം എത്തിക്കുക, വീടുകളിൽ വെള്ളമെത്തിക്കുന്ന ജലവിതരണപെപ്പുകൾ നവീകരിക്കുക, പുതിയ പൈപ്പുകൾ സ്ഥാപിക്കുക തുടങ്ങിയവയാണ് നടപ്പാക്കുന്നത്.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാട്ടർ അതോറിറ്റിയുടെ സഹായത്തോടെ കണ്ണൂർ കോർപറേഷൻ പദ്ധതി നടപ്പാക്കുന്നത്. കോർപറേഷൻ പരിധിയിലെ ജലവിതരണ സംവിധാനങ്ങളുടെ നവീകരണ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത് . പഴശ്ശിപദ്ധതിയുടെ ഭാഗമായ വളപട്ടണം പുഴയിൽനിന്നാണ് പൈപ്പിട്ട് നഗരത്തിലേക്ക് വെള്ളം കൊണ്ടുവരുന്നത്. വെള്ളം ശേഖരിച്ചു വയ്ക്കാൻ പള്ളിക്കുന്ന് ജയിൽ പരിസരത്ത് 24 ലക്ഷം ലിറ്ററിന്റെ വാട്ടർ ടാങ്ക് നിർമിക്കുന്നുണ്ട‌്.

പദ്ധതിയുടെ ആദ്യഘട്ടമായി മാങ്ങാട്ടുപറമ്പ് സർവകലാശാലാ ക്യാമ്പസിന് സമീപത്തു നിന്ന് ആരംഭിച്ചു പള്ളിക്കുന്നിലേക്ക് പൈപ്പിടുന്ന ശ്രമകരമായ പ്രവൃത്തി ആരംഭിച്ചു. അരകിലോമീറ്ററോളം നീളത്തിൽ വളപട്ടണംപുഴയുടെ അടിയിലൂടെയാണ് പൈപ്പിടുന്നത്. തോട്ടടയിൽ 14 ലക്ഷം ലിറ്റർ ശേഷിയുള്ള മറ്റൊരു ടാങ്കും നിർമിക്കുന്നുണ്ട്. മൂന്ന് കോടിയുടെ ഈ പദ്ധതിക്കും തുടക്കമായി.

മേലെചൊവ്വയിൽനിന്ന് തോട്ടട ടാങ്കിലേക്കും അവേരയിലെ സമ്പിലേക്ക് പൈപ്പിടുന്ന പ്രവൃത്തിയും ആരംഭിച്ചു. 6.8 കോടിയാണ് ഇതിനായി അനുവദിച്ചത്. ഈപദ്ധതിക്കാവശ്യമായ പൈപ്പ് വിതരണമടക്കം പൂർത്തിയായി. പുഴയിൽനിന്ന് കൊണ്ടുവരുന്ന വെള്ളം ശുദ്ധീകരിക്കുന്നതിനായി ചാവശേരിപറമ്പിലെ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ സംഭരണശേഷി വർധിപ്പിക്കുകയാണ്. 7.8 കോടിയാണ് ഈ പ്രവൃത്തിക്ക് അനുവദിച്ചിട്ടുള്ളത്.

ഇതോടൊപ്പം കോർപറേഷൻ പരിധിയിൽ ജലവിതരണത്തിനായി പുതുതായി പൈപ്പ് സ്ഥാപിക്കലും പഴയവ പുതുക്കലും തുടങ്ങി. പുഴാതി മേഖലയിൽ 16.9 കോടി ചെലവിലാണ് പഴയ പൈപ്പ് മാറ്റി പുതിയവ സ്ഥാപിക്കുന്നത്. പള്ളിക്കുന്ന് മേഖലയിൽ 15 കോടിരൂപയുടെ പുതിയ പൈപ്പിടുകയാണ്. പുഴാതി മുതൽ പള്ളിക്കുന്ന് വരെ പുതിയ പൈപ്പിടുന്നതിനുള്ള 3.77 കോടിയുടെ പദ്ധതിയും തുടങ്ങി. എടക്കാട് മേഖലയിൽ 5.7 കോടിയുടെ പദ്ധതിയാണ് പുതിയ പൈപ്പിടാൻ നടപ്പാക്കുന്നത്. എളയാവൂർ മേഖലയിൽ പഴയപൈപ്പ് ലൈൻ മാറ്റി പുതിയവ സ്ഥാപിക്കാൻ 11.35 കോടിയുടെ പ്രവൃത്തിയും ആരംഭിച്ചു.

വിതരണശൃംഖല വിപുലീകരിക്കുന്നതിന് പല ഭാഗങ്ങളിലും റോഡ് മുറിക്കേണ്ടിവരുമെന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളി. കാലവർഷം ചില പദ്ധതികളെ മന്ദീഭവിപ്പിച്ചിട്ടുണ്ട്. എങ്കിലും എല്ലാ പദ്ധതികളും രണ്ട് വര്‍ഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: