രോഗ പ്രതിരോധത്തിനൊപ്പം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എ കെ ബാലന്‍

5 / 100 SEO Score

രോഗ പ്രതിരോധത്തിനൊപ്പം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ ബാലന്‍. പട്ടികവര്‍ഗ്ഗവികസന വകുപ്പിന്റെ അംബേദ്കര്‍ കോളനിസമഗ്ര വികസന പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കൊവിഡ് കേസുകളും മരണങ്ങളും കുറയ്ക്കാന്‍ നമുക്ക് സാധിച്ചു. 
അതേസമയം, കൊവിഡ് വെല്ലുവിളികളെ നേരിടുന്നതിനൊപ്പം നിരവധി പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്ന കോളനികളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് മാതൃകാ കോളനിയാക്കാന്‍ നാട്ടുകാരുടെ സഹായ സഹകരണങ്ങളുണ്ടാകണമെന്നും കൂട്ടിച്ചേര്‍ത്തു. നിര്‍മാണം ഏറ്റെടുത്ത ഏജന്‍സികള്‍ എത്രയും വേഗം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുന്‍കാലങ്ങളിലെ പോലെ പദ്ധതികള്‍ നീട്ടിക്കൊണ്ടു പോകരുതെന്നും അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പ് മണ്ഡലത്തിലെ അമ്മാറമ്പ് കോളനി (പാട്യം പഞ്ചായത്ത്), മട്ടന്നൂര്‍ മണ്ഡലത്തിലെ ചടച്ചിക്കുണ്ടം കോളനി (പടിയൂര്‍), ഇല്ലം കോളനി (തില്ലങ്കേരി), അരിങ്ങോട്ടുംകണ്ടി കോളനി (ചിറ്റാരിപ്പറമ്പ്), കരോത്ത് കോളനി (കോളയാട്) എന്നിവിടങ്ങളിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടപ്പിലാക്കുന്നത്. അമ്മാറമ്പ് കോളനിയില്‍ 93 ലക്ഷം രൂപയുടെയും, ചടച്ചിക്കുണ്ടം, അരിങ്ങോട്ടുംകണ്ടി, കരോത്ത് എന്നീ കോളനികളില്‍ ഒരു കോടി വീതം രൂപയുടെയും, ഇല്ലം കോളനിയില്‍ 87 ലക്ഷം രൂപയുടെയും വികസന പദ്ധതികളാണ്് നടപ്പാക്കുന്നത്. 
അമ്മാറമ്പ് കോളനിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി. പടിയൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടച്ചിക്കുണ്ടം കോളനിയുടെയും തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഇല്ലം കോളനിയുടെയും അരിങ്ങോട്ടുംകണ്ടി കോളനി സാംസ്‌കാരിക നിലയത്തില്‍ നടന്ന അരിങ്ങോട്ടുംകണ്ടി കോളനിയുടെയും, കോളയാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന കരോത്ത് കോളനിയുടെയും നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടന ചടങ്ങില്‍ വ്യവസായകായിക വകുപ്പ് മന്ത്രി പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.
പട്ടിക വര്‍ഗ വികസന വകുപ്പ് ഡയരക്ടര്‍ ഡോ. പി പുഗഴേന്തി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ വി സുരേഷ് ബാബു, അംഗങ്ങളായ കാരായി രാജന്‍,  അഡ്വ മാര്‍ഗരറ്റ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ അശോകന്‍ (കൂത്തുപറമ്പ്), ടി പ്രസന്ന (പേരാവൂര്‍), എന്‍ ടി റോസമ്മ (ഇരിട്ടി), ടി വസന്തകുമാരി (ഇരിക്കൂര്‍), പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി ബാലന്‍ മാസ്റ്റര്‍ (പാട്യം), കെ ശ്രീജ (പടിയൂര്‍), പി പി സുഭാഷ് (തില്ലങ്കേരി), യു പി ശോഭ (ചിറ്റാരിപ്പറമ്പ്), ടി ശങ്കരന്‍ (കോളയാട്), വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: