ജില്ലയിൽ കണ്ണിനെ ബാധിക്കുന്ന വൈറസ് രോഗം ; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കണ്ണൂര്‍ : ജില്ലയില്‍ കണ്ണിനെ ബാധിക്കുന്ന വൈറസ് രോഗം വ്യാപകമാകുന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍, പരിയാരം, കീച്ചേരി, വളപട്ടണം പഴയങ്ങാടി തുടങ്ങിയ ഭാഗങ്ങളില്‍ നിരവധി പേര്‍ക്കാണ് കണ്ണ് രോഗം ബാധിച്ചത്. കണ്ണിന് പൊടുന്നനെ ചുവപ്പ് ബാധിക്കുന്നതാണ് പ്രാഥമിക ലക്ഷണം. രണ്ടു ദിവസത്തിനകം കണ്ണിന് ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടാകും. ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെ അസഹനീയമായ വേദന തുടരും. നീരുവന്ന് മുഖത്തിന്റെ ആകൃതി തന്നെ മാറും. അസ്വസ്ഥത തുടങ്ങിയാല്‍ വൈദ്യസഹായം തേടുന്നതാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഇല്ലെങ്കില്‍ രോഗം കൃഷ്ണമണിയെ തന്നെ ബാധിക്കും. കണ്ണിന് പഴുപ്പുബാധിക്കാനും സാധ്യത കൂടുതലാണ്. ചില ആളുകള്‍ക്ക് ഒരാഴ്ച്ച കൊണ്ട് തന്നെ രോഗ ശമനമുണ്ടാകും. മൂന്നാഴ്ച്ചയിലേറെ നീണ്ടു നില്‍ക്കുകയും ചെയ്യും. പലര്‍ക്കും ഒരു കണ്ണിനു വന്ന് മാറിയതിനു ശേഷമാണ് അടുത്ത കണ്ണിന് അസുഖം വരുന്നത്.ജോലിക്കു പോകുന്നവരും വിദ്യാര്‍ത്ഥികളും ഒരു മാസത്തോളം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഉളളത്. നിരവധി പേര്‍ ഈ രോഗത്തിന് ചികിത്സ തേടിവരുന്നുണ്ടെന്നും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ അനിത പറയുന്നു. എന്നാല്‍ ചെങ്കണ്ണ് ഉള്‍പ്പെടെയുള്ള രോഗമാണിതെന്നു കരുതി സ്വയംചികിത്സ ഒഴിവാക്കണമെന്നും ഡോക്ടർമാർ പറയുന്നു.
കണ്ണുചുവപ്പ്, ചൊറിച്ചില്‍, പുകച്ചില്‍ , കണ്ണീര്‍ സ്രാവം, രാവിലെ പീളകെട്ടി കണ്‍പീലികള്‍ ഒട്ടിപ്പിടിച്ചിരിക്കുക, വെളിച്ചത്തിലേക്കു നോക്കുമ്പോള്‍ അസ്വസ്ഥത എന്നിവയാണു രോഗലക്ഷണങ്ങള്‍ വെള്ളം ഉപയോഗിച്ച് കണ്ണ് കൂടുതല്‍ കഴുകരുത്.രോഗിയുടെ കണ്ണുനീര്‍ സ്പര്‍ശത്തിലൂടെയും, തുമ്മലില്‍ കൂടെയും രോഗം പകരും. കണ്ണിലാണു രോഗമെങ്കിലും അതു മൂക്കിലുമെത്തും, നേസോ ലാക്രിമല്‍ ഡക്റ്റ് എന്ന കുഴലിനാല്‍ കണ്ണും മൂക്കും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. രോഗിയുമായി അടുത്തിടപഴകുന്നവര്‍ക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, ടവ്വലുകള്‍ എന്നിവ കഴുകിയിടാനും സോപ്പുപയോഗിച്ച് കൈ കഴുകാനും ശ്രദ്ധിക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: