ജില്ലയിലെ പന്നി കർഷകർക്ക് ആവശ്യമായ 
കോഴി മാലിന്യം മാറ്റിവെക്കും: ജില്ലാ കലക്ടർ

ജില്ലയിലെ പന്നി കർഷകർക്ക് ആവശ്യമായ കോഴി മാലിന്യം മാറ്റി വെച്ച് ബാക്കി മാത്രമേ റെന്ററിംഗ് പ്ലാൻറിന് കൈമാറുകയുള്ളുവെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ കർഷകർക്ക് ഉറപ്പ് നൽകി. മാലിന്യ മുക്ത കണ്ണൂർ പദ്ധതിയുടെ ഭാഗമായി കോഴി മാലിന്യ സംസ്‌കരണം സംബന്ധിച്ച് പന്നി കർഷകരുമായി കലക്ടറുടെ ചേംബറിൽ നടത്തിയ ചർച്ചയിലാണ് അറിയിച്ചത്. ജില്ലയിലെ പന്നി കർഷകർക്കാവശ്യമായ കോഴി മാലിന്യത്തിന്റെ അളവും മാലിന്യം സംഭരിക്കാൻ ഉദ്ദേശിക്കുന്ന സ്ഥല വിവരങ്ങളും കൃത്യമായി ജില്ലാ ഭരണകൂടത്തെ അറിയിക്കാൻ പന്നി കർഷകരുടെ പ്രതിനിധികൾക്ക് കലക്ടർ നിർദ്ദേശം നൽകി. ജില്ലയിൽ പലയിടത്തും കോഴി മാലിന്യം വേണ്ട വിധം സംസ്‌കരിക്കുന്നില്ലെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടർ പന്നി കർഷകരുടെ യോഗം വിളിച്ചത്. 

പന്നി കർഷകരുടെ സംഘടനയായ പിഎഫ് എ യുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. നിരോധനം ലംഘിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂട്ടുപുഴ വഴിയുള്ള പന്നിക്കടത്ത് തടയണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് നടപടിയെടുക്കാമെന്ന് കലക്ടർ ഉറപ്പ് നൽകി. മാലിന്യ മുക്ത കണ്ണൂരിനായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, പി എഫ് എ സംസ്ഥാന പ്രസിഡണ്ട് ടി എം ജോഷി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി കെ സജിത, ജില്ലാ സെക്രട്ടറി സനിൽ സേവ്യർ, പ്രസിഡണ്ട് ജോസ് മാത്യു, ജില്ലാ കമ്മറ്റി അംഗം പി എ അരുൺ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: