ബക്രീദിലെ ലോക്ഡൗണ്‍ ഇളവ്; കേരള സര്‍ക്കാര്‍ ഇന്നു തന്നെ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി%


ബക്രീദിന് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ ഇന്ന് കേരള സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. വിഷയത്തില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ജീവിക്കാനുള്ള അവകാശം സംബന്ധിച്ച തങ്ങളുടെ മുന്‍ ഉത്തരവ് എല്ലാ അധികാരികളും ഓര്‍ക്കണമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ബക്രീദിനോടനുബന്ധിച്ച് വലിയ തോതില്‍ ഇളവുകള്‍ അനുവദിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ബക്രീദിന് മൂന്ന് ദിവസം ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി മലയാളി വ്യവസായി പികെഡി നമ്പ്യാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കുറഞ്ഞ ടിപിആര്‍ ഉള്ള ഉത്തര്‍പ്രദേശില്‍ കാവടി യാത്ര സുപ്രീം കോടതി ഇടപെട്ട് തടഞ്ഞതായി ഇദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാകന്‍ വികാസ് സിംഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകളും സംസ്ഥാനത്തുണ്ടായിട്ടും ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചുയെന്നും അഭിഭാഷകന്‍ ആരോപിച്ചു.

എന്നാല്‍ ഈ ആരോപണത്തെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി പ്രകാശ് എതിര്‍ത്തു. സംസ്ഥാനത്ത് നേരത്തെ തന്നെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ ചില മേഖലകളില്‍ കൂടി കടകള്‍ തുറക്കാന്‍ അനുവദിച്ചെന്നേ ഉള്ളൂവെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. നാളെ ഒന്നാമത്തെ കേസായി ഹര്‍ജി പരിഗണിക്കും. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: