മുടക്കമില്ലാതെ ചരക്കു കപ്പല്‍ സര്‍വീസ്; അഴീക്കലില്‍ കൂടുതല്‍ കണ്ടെയിനറുകള്‍ എത്തിക്കാന്‍ നടപടി


കപ്പല്‍ സിഇഒ ബിസിനസുകാരുമായി ചര്‍ച്ച നടത്തും

തീരദേശ ചരക്കു കപ്പല്‍ സര്‍വീസിന്റെ ഭാഗമായി അഴീക്കല്‍ തുറമുഖത്ത് ചരക്കുനീക്കം സജീവമാകുന്നു. കൊച്ചിയില്‍ നിന്നുള്ള ചരക്കുകളുമായി റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ഹോപ് സെവന്‍ അഴീക്കല്‍ തുറമുഖത്ത് ഇന്നലെ (തിങ്കള്‍) വീണ്ടുമെത്തി. ജൂലൈ ആദ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കപ്പല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തതിനു ശേഷം ഇത് മൂന്നാം തവണയാണ് കപ്പല്‍ അഴീക്കലില്‍ എത്തുന്നത്.
അഴീക്കല്‍ തുറമുഖ ചരിത്രത്തില്‍ ഇതാദ്യമായാണ് ചരക്കു കപ്പല്‍ പൂര്‍ണാര്‍ഥത്തില്‍ സര്‍വീസ് നടത്തുന്നതെന്ന് കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. അഴീക്കല്‍ തുറമുഖത്ത് മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പല്‍ വഴിയുള്ള ചരക്ക് ഗതാഗതം കൂടുതല്‍ സജീവമാക്കുന്നതിന് കണ്ണൂരിനു പുറമെ, കാസര്‍കോട്, വയനാട്, കുടക് ജില്ലകളിലെ വ്യവസായ-വ്യാപാര പ്രമുഖരില്‍ നിന്ന് സഹകരണം ആവശ്യപ്പെടും. ഇതിനായി അവരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ നിന്ന് അഴീക്കലിലേക്കും തിരിച്ച് കൊച്ചിയിലേക്കുമുള്ള കൂടുതല്‍ കണ്ടെയിനറുകള്‍ തുറമുഖത്ത് എത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. പ്രാരംഭഘട്ടത്തില്‍ കപ്പല്‍ സര്‍വീസ് മുടക്കമില്ലാതെ തുടരുന്നതിനാവശ്യമായ ഇന്‍സെന്റീവ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളും. അഴീക്കല്‍ തുറമുഖ വികസനത്തിലും ചരക്ക് കപ്പല്‍ സര്‍വീസ് ശക്തിപ്പെടുത്തുന്നതിലും മുഖ്യമന്ത്രിയും തുറമുഖ വകുപ്പ് മന്ത്രിയും എടുക്കുന്ന പ്രത്യേക താല്‍പര്യം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
അഴീക്കല്‍-കൊച്ചി കപ്പല്‍ സര്‍വീസ് തുടര്‍ന്നു പോകില്ല എന്ന രീതിയില്‍ ചില കോണുകളില്‍ നിന്ന് ഉയരുന്ന അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്ന് ഹോപ് സെവന്‍ കപ്പല്‍ സിഇഒ കിരണ്‍ ബി നന്ദ്രെ അറിയിച്ചു. ഒരു കാരണവശാലും അഴീക്കലില്‍ നിന്നുള്ള ചരക്കു കപ്പല്‍ സര്‍വീസ് മുടങ്ങില്ല. അതിനാവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാരും തുറമുഖ വകുപ്പും എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡിന്റെ 10 കണ്ടെയിനറുകളാണ് അഴീക്കലില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. ആദ്യ ഘട്ടത്തില്‍ ഇത് 25 കണ്ടെയിനറുകളാക്കി മാറ്റുകയാണ് ലക്ഷ്യം. അതേപോലെ കൊച്ചിയില്‍ നിന്ന് ഇങ്ങോട്ടേക്കുള്ള കണ്ടെയിനറുകളുടെ എണ്ണവും 25 ആക്കി ഉയര്‍ത്താന്‍ കഴിയണം. അതിന് വാണിജ്യ സമൂഹത്തിന്റെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരിലെ വ്യാപാരികളുമായും വ്യവസായികളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ചെറു കപ്പലായ ഹോപ് സെവനിന് 106 കണ്ടെയിനറുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. അയല്‍ ജില്ലകളില്‍ നിന്നുള്ള ചരക്കുകള്‍ കൂടി വരുന്നതോടെ കപ്പല്‍ സര്‍വീസിന്റെ എണ്ണം കൂട്ടാനാവുമെന്നാണ് പ്രതീക്ഷ. ഒന്നിലേറെ വ്യാപാരികള്‍ക്ക് സംയുക്തമായി ഒരു കണ്ടെയിനറില്‍ ചരക്കുകള്‍ കൊണ്ടുവരാനും കൊണ്ടുപോവാനുമുള്ള സൗകര്യവും അഴീക്കലില്‍ ഒരുക്കും. ചരക്കു നീക്കത്തിനാവശ്യമായ കസ്റ്റംസ് നടപടികള്‍ ലഘൂകരിക്കുന്നത് ഉള്‍പ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രതീഷ് നായര്‍, അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: