വീടുകളിൽ പ്രകൃതി വാതകം  എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവൃത്തി സെപ്‌തംബറിൽ

കണ്ണൂർ:വീടുകളിൽ പ്രകൃതി വാതകം  എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവൃത്തി സെപ്‌തംബറിൽ  തുടങ്ങും. മഴ ശമിച്ചാൽ പ്രവൃത്തി ആരംഭിക്കാനാണ്‌ തീരുമാനം.  റോഡുകളിൽ പൈപ്പിടാനുള്ള പൊതുമരാമത്ത്‌ വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും  അനുമതി ഉടൻ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. 

ഇതിനുള്ള സർവേ നേരത്തെ പൂർത്തിയായിരുന്നു. പൈപ്പിടലിന്റെയും റോഡ്‌ പുനഃസ്ഥാപിക്കലിന്റെയും സാങ്കേതിക അനുമതിയാണ്‌  പദ്ധതിക്ക്‌ മുന്നിലെ പ്രധാന കടമ്പ. മെയിൻ പൈപ്പ്‌ ലൈനിന്റെയും  വീടുകളിലേക്കുള്ള  ലൈനിന്റെയും പണി ഒരേസമയം നടക്കും.

കൂടാളി, മുണ്ടേരി,  അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലാണ്‌  പദ്ധതിയുടെ തുടക്കം.  ആദ്യഘട്ടത്തിൽ എണ്ണൂറോളം വീടുകളിൽ ഗ്യാസ്‌ കണക്ഷൻ നൽകാനാവും. തുടർന്ന്‌  ജില്ലയിലാകെ വ്യാപിപ്പിക്കാനാണ്‌ പദ്ധതി നടത്തിപ്പുകാരായ  ഇന്ത്യൻ ഓയിൽ കോർപറേഷനും അദാനി ഗ്രൂപ്പും തീരുമാനിച്ചത്‌. ഇതിനായി  കൂടാളി പഞ്ചായത്തിൽ സിറ്റി ഗ്യാസ്‌  സ്‌റ്റേഷൻ സ്ഥാപിക്കും. ഇവിടെനിന്നാണ്‌ ജില്ലയ്‌ക്ക്‌ ആവശ്യമായ ഗ്യാസ്‌ വിതരണം  ചെയ്യുക. ഗാർഹിക ഉപയോക്താക്കൾക്കുള്ള പൈപ്പഡ്‌ നാച്ചുറൽ ഗ്യാസി(പിഎൻജി)ന്‌ പുറമെ  മോട്ടോർ വാഹനങ്ങൾക്കുള്ള  കംപ്രസ്‌ഡ്‌ നാച്ചുറൽ  ഗ്യാസും (സിഎൻജി) വിതരണം ചെയ്യാൻ പദ്ധതിയുണ്ട്‌.  

കൊച്ചിയിൽനിന്ന്‌ – മംഗളൂരുവിലേക്കുള്ള   ഗെയിൽ പൈപ്പ്‌ ലൈൻ  പ്രകൃതി വാതകം കടത്തിവിടാൻ സജ്ജമായി. ഗാർഹിക, വ്യാവസായിക മേഖലകൾക്ക്‌ ഊർജം പകരുന്നതാണ്‌ പദ്ധതി. കുറഞ്ഞ ചെലവിൽ ഇന്ധനം ലഭ്യമാകുമെന്നതാണ്‌ പ്രധാന നേട്ടം. എൽപിജി, പെട്രോൾ, ഡീസൽ എന്നിവയെക്കാൾ ചെലവ്‌ കുറവാണ്‌ പ്രകൃതി വാതകത്തിന്‌. പാചക വാതകത്തിനേക്കൾ  അപകടസാധ്യത കുറവാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: