കേരളത്തിലെ രണ്ട് ജില്ലകളിൽ ബ്ലാക്ക് ഫംഗസ്; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാളുടെ കണ്ണ് നീക്കം ചെയ്തു

മലപ്പുറത്തും കൊല്ലത്തും കൊവിഡ് രോഗികൾക്ക് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു. തിരൂർ ഏഴൂർ സ്വദേശിയുടെ കണ്ണാണ് ഫംഗസ് തലച്ചോറിലേക്ക് പടരാതിരിക്കാൻ നീക്കം ചെയ്തത്. രണ്ട് ജില്ലകളിലും ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ 22ന് കൊവിഡ് ചികിത്സക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും തുടർന്ന് വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയവേയുമാണ് തിരൂർ ഏഴൂർ സ്വദേശി അബ്ദുൾ ഖാദറിന് ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. കണ്ണിന് മരവിപ്പ് അനുഭവപ്പെടുകയും ശക്തമായ തലവേദനയുണ്ടാകുകയും ചെയ്തതോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റുകയുമായിരുന്നു. ഈ മാസം ഏഴിനാണ് ഖാദറിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഫംഗസ് തലച്ചോറിനെ ബാധിക്കാതിരിക്കാൻ ഇടത് കണ്ണ് നീക്കം ചെയ്യണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കുന്നത്.കൊല്ലത്ത് 42 വയസ്സുളള പൂയപ്പളളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് ഇവരെ സ്വകാര്യ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ ബ്ലാക്ക് ഫംഗസാണെന്ന് തിരിച്ചറിയുകയായിരുന്നു. കൊവിഡ് ബാധിതരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലാത്തതിനാൽ പകർച്ചവ്യാധി ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: