ഇത്തവണ ഹജ്ജ് കർമത്തിന് സൗദിയുടെ അനുവാദം ലഭിച്ചില്ലെങ്കിൽ അടച്ച തുക തിരികെ നൽകും; അടുത്ത തവണ ഹജ്ജിന് അവസരം നൽകാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്നും ഹജ്ജ് കമ്മിറ്റി

2020 -ലെ പരിശുദ്ധ ഹജ്ജ് കർമത്തിന് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ യാത്ര പുറപ്പെടാൻ അനുവാദം ലഭിക്കുമോ എന്ന് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി സി.ഇ.ഒ ഡോ . മഖ്സൂദ് അഹമ്മദ് ഖാൻ അറിയിച്ചു . രണ്ടു ഗഡുക്കളായി രണ്ടു ലക്ഷത്തി ആയിരം രൂപ അടച്ചിട്ടുള്ള 1.25 ലക്ഷം ഹാജിമാർ , പ്രസ്തുത സംഖ്യയുടെ വിഷയത്തിൽ ഒട്ടും സംശയിക്കേണ്ടതില്ല . ഹജ്ജ് സാധ്യമായിട്ടില്ലെങ്കിൽ , ഓരോ ഹാജിയുടെയും അക്കൗണ്ടിൽ പ്രസ്തുത സംഖ്യ ആവശ്യപ്പെടാതെ തന്നെ എത്തിക്കുന്നതാണ് . അതേസമയം ഇത്തവണ നറുക്കെടുപ്പിലൂടെയും മറ്റും സെലക്ഷൻ ലഭിച്ച ഹാജിമാർക്ക് 2021 ലെ ഹജ്ജിന് നറുക്കെടുപ്പ് ഇല്ലാതെ അവസരം ലഭിക്കുന്നതിന് കേരള ഹജ്ജ് കാര്യ മന്ത്രി ഡോ : കെ.ടി ജലീൽ , കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി . മുഹമ്മദ് ഫൈസി എന്നിവർ കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് കത്തയച്ചിട്ടുണ്ട് . പോളിസി വിഷയമായത് കൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെ പ്രത്യേക തീരുമാനം ആവശ്യമാണ് . ഏറെക്കാലത്തെ കാത്തിരിപ്പും ആഗ്രഹവും പിന്നിട്ട് സെലക്ഷൻ കിട്ടിയ ശേഷം സാങ്കേതിക ക്ലാസിൽ സംബന്ധിക്കുകയും പാസ്പോർട്ടുകൾ കേന്ദ്ര ഓഫീസിലേക്ക് അയക്കുകയും ചെയ്ത സ്ഥിതിക്ക് യാത്ര മുടങ്ങുന്നതിൽ കടുത്ത നിരാശയിൽ കഴിയുന്ന ഹാജിമാർക്ക് 2021- ൽ പരിഗണന ലഭിക്കുന്നത് ന്യായവും അഭിമാനവും സന്തോഷവുമായിരിക്കുമെന്നു കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ പറഞ്ഞു . കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ പിന്നാലെ , മറ്റു സംസ്ഥാന ഹജ്ജ് കമ്മറ്റികളും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പരിശ്രമിക്കുമെന്നു ചെയർമാൻ പ്രസ്താവനയിൽ വ്യക്തമാക്കി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: