കണ്ണൂരിൽ 5 പേർക്ക് കോവിഡ്; കേരളത്തിൽ 12 പേർക്ക്

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 12 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്തു നിന്നും (യു.എ.ഇ.-1, സൗദി അറേബ്യ-1, കുവൈറ്റ്-1, മാലി ദ്വീപ്-1) 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, ഗുജറാത്ത്-1, തമിഴ്‌നാട്-1) വന്നതാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. ഇതോടെ 142 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 3998 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 63,130 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 69,775 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,000 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 71,545 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 455 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 119 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 46,958 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 45,527 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5630 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5340 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതുതായി 4 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കോരുത്തോട്, കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: