കാക്കയങ്ങാട് ടൗണിൽ കാട്ടാനയുടെ അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു

 കാക്കയങ്ങാട് ടൗണിൽ ഇറങ്ങിയ കാട്ടാനയുടെ അക്രമത്തില്‍ ബൈക്ക് യാത്രികന്‍ ഉള്‍പ്പെടെ 2പേര്‍ക്ക് പരിക്ക്. മുഴക്കുന്ന് വട്ടപ്പൊയില്‍ സ്വദേശികളായ വിനോദ് ,ശങ്കരന്‍ നമ്പൂതിരി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.കാലിന് സാരമായി പരിക്കേറ്റ വിനോദിനെ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറളം ഫാമില്‍ നിന്ന് പുഴകടന്ന് ജനവാസ കേന്ദ്രമായ കാക്കയങ്ങാട് ടൗണിലെത്തിയ കാട്ടാനകളാണ് ബൈക്ക് യാത്രികനെ ആക്രമിച്ചത്.

കോഴിക്കോട് പോയി മടങ്ങി ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെ രാവിലെ 6മണിയോടെ മുഴക്കുന്ന് വട്ടപ്പൊയിലിലെ വീടിന് സമീപത്ത് വച്ച് വിനോദ് കാട്ടാനയുടെ അക്രമത്തിന് ഇരയായത്.കൈകാലുകള്‍ക്ക് സാരമായി പരിക്കേറ്റ വിനോദിനെ ഓടികൂടിയ നാട്ടുകാര്‍ ആദ്യം മിനിലോറിയില്‍ കയറ്റി കാക്കയങ്ങാടും പിന്നീട് മുഴക്കുന്ന് പോലീസിന്റെ സഹായത്തോടെ ആംബുലന്‍സില്‍ കണ്ണൂരിലേക്കും കൊണ്ടുപോവുകയായിരുന്നു.കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആനയെ കണ്ട് ഓടുന്നതിനിടെയാണ് വട്ടപൊയിലില്‍ വച്ച് പ്രദേശവാസിയായ ശങ്കരന്‍ നമ്പൂതിരിക്ക് വീണ് പരിക്കേറ്റത്.തലനാരിഴയ്ക്കാണ് രണ്ട് പേരും രക്ഷപ്പെട്ടത് പ്രദേശത്തെ നിരവധി കാര്‍ഷിക വിളകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്
പെരുമ്പുന്ന കല്ലേരിമല വഴി മുഴക്കുന്ന് പ്രദേശത്ത് എത്തിയ കാട്ടാനകള്‍ കഴിഞ്ഞ രാത്രിയോടെ വട്ടപ്പൊയില്‍ മേഖലയിലേക്ക് കടക്കുകയും ജനവാസ കേന്ദ്രത്തില്‍ തമ്പടിക്കുകയും ആയിരുന്നു.ഒരു കുട്ടിയാന ഉള്‍പ്പെടെ 3 ആനകളാണ് ജനവാസ കേന്ദ്രത്തിലെത്തിയത്.മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വനംവകുപ്പ് പൊലീസ് ഉദ്യോഗസ്ഥരും രാത്രി മുതല്‍ തന്നെ ആനയെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് രാവിലെ 8മണിയോടെ ആറളം വൈല്‍ഡ് ലൈഫ് അസി.വാര്‍ഡന്‍ വി മധുസൂതനന്റെ നേതൃത്വത്തില്‍ വനംവകുപ്പും മുഴക്കുന്ന് പോലീസും,റാപ്പിഡ് റസ്‌പോണ്‍സ് ടീം അംഗങ്ങളും ചേര്‍ന്ന് കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. സമീപപ്രദേശങ്ങളില്‍ ആള്‍പെരുമാറ്റം ഉള്ളതുകൊണ്ട് ആനകള്‍ തിരിച്ച് പോകാതെ ഈ പ്രദേശങ്ങളില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്

 മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ആനകളെ തുരത്താനുള്ള ശ്രമം തുടരുകയാണ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: