സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭത്തിൽ 265 ശതമാനം വർധനവുണ്ടായി: മന്ത്രി പി രാജീവ്

കേരളത്തിൽ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭത്തിൽ 265 ശതമാനം വർധനവുണ്ടായതായി നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മാങ്ങാട്ടുപറമ്പിൽ ആരംഭിച്ച രണ്ടാമത്തെ പെട്രോൾ പമ്പ്, കുപ്പിവെള്ള ബ്രാൻഡായ ഡിഎം വാട്ടർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 18 ശതമാനം കുറഞ്ഞതായും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ പ്രവർത്തന മികവ് നോക്കി നാല് ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ആധുനികവത്കരണവും വൈവിധ്യവത്കരണവും നടപ്പിലാക്കാനുള്ള മാസ്റ്റർ പ്ലാനുകൾ അംഗീകരിച്ചിട്ടുണ്ട്. അതാണിപ്പോൾ നടപ്പാക്കുന്നത്.
പൊതുമേഖലാ സ്ഥാപനം സർക്കാർ വകുപ്പല്ല. തൊഴിലാളികളെ നിലനിർത്താനാണ് പൊതുമേഖലാ സ്ഥാപനം എന്ന് വരെ ചിന്തിക്കുന്നവരുണ്ട്. അതൊരുഭാഗം മാത്രമാണ്. പൊതുമേഖലാ സ്ഥാപനം ലാഭത്തിലായിരിക്കണം. മത്സരക്ഷമമായിരിക്കണം. ജനങ്ങളുടെ പണം ഉപയോഗിക്കുന്നിടത്ത്, തിരിച്ച് ജനങ്ങൾക്ക് കൊടുക്കാൻ കഴിയുന്ന സ്വഭാവത്തിലുള്ള വിനിയോഗം ആയിരിക്കണം. അതാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഈ കാലഘട്ടത്തിൽ സമൂഹം പ്രതീക്ഷിക്കുന്നത്.
കേന്ദ്രത്തിന്റെ പൊതുമേഖലാ നയത്തിൽനിന്ന് വ്യത്യസ്തമാണ് കേരളത്തിന്റേത്. കേന്ദ്രത്തിന്റേതായിരുന്ന എച്ച്എൻഎൽ ഏറ്റെടുത്ത് പുതിയ കമ്പനി കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആരംഭിച്ചു. 22 പത്രങ്ങളാണ് നിലവിൽ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ന്യൂസ് പ്രിൻറ് ഉപയോഗിച്ച് അച്ചടിച്ച് ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഇതൊരു ചരിത്രനേട്ടമാണ്. എന്നാൽ ന്യൂസ് പ്രിൻറ് മാത്രമായി മുന്നോട്ടുപോകാനാവില്ല. ന്യൂസ് പ്രിൻറ് പതുക്കെ പതുക്കെ മരിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ്. ഭാവി പാക്കിംഗ് പേപ്പറിലാണ്. അതിലേക്ക് മാറാനാണ് ഡിപിആർ.
നഷ്ടത്തിലായിരുന്ന കെസിസിപിഎൽ ഇപ്പോൾ 80 ലക്ഷം ലാഭം കൈവരിച്ചതിനെ മന്ത്രി അഭിനന്ദിച്ചു. കെസിസിപിഎൽ ലാഭത്തിലാവാൻ വൈവിധ്യവത്കരണമാണ്. അത് പമ്പിൽ മാത്രം നിൽക്കരുത്്. പമ്പ് നടത്താൻ പൊതുമേഖലാ സ്ഥാപനം വേണ്ട. ഇന്നിപ്പോൾ കുടിവെള്ളം ലോഞ്ച് ചെയ്യുകയാണ്. ഒരു വർഷം 1,48,000 കോടി രൂപയുടെ ചരക്കുകൾ പുറത്തുനിന്ന് കൊണ്ടുവന്ന് കേരളത്തിൽ വിൽക്കുമ്പോൾ അതിൽ 260 കോടി രൂപ മലയാളി ചെലവഴിക്കുന്നത് കുപ്പിവെള്ളം വാങ്ങിക്കാനാണ്. അതിനാൽ കുപ്പിവെള്ളം മാതൃകയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്-മന്ത്രി പറഞ്ഞു.
സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോകെ കെസിസിപിഎൽ നടത്തി വരുന്ന ഐടി ഇൻകുബേഷൻ സെൻററായ മൈസോൺ ഐടി ഇൻകുബേഷൻ സെൻററിൽ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾക്കായി ഒരുക്കിയ സ്റ്റുഡൻറ് ഇൻററാക്ഷൻ സെൻററും മൈസോൺ നാലാം വാർഷികാഘോഷവും മന്ത്രി ഉദ്ഘാടനം ചെയ്തു.
എം വിജിൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ മുഖ്യാതിഥിയായി. കേരള ബിപിസിഎൽ സംസ്ഥാന മേധാവി (റീട്ടെയിൽ) ഡി കണ്ണാബിരാൻ  പദ്ധതി വിശദീകരിച്ചു. കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ, ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ടി ബാലകൃഷ്ണൻ, ബിപിസിഎൽ ടെറിട്ടറി മാനേജർ ജയദീപ് സുഭാഷ് പൊട്ഡാർ, ധനകാര്യ വകുപ്പ് ഡയറക്ടർ എസ് എസ് ശ്രീരാജ്, വ്യവസായ വകുപ്പ് ഡയറക്ടർ ഒ ജെ സമീർകുമാർ, കെസിസിപിഎൽ എംഡി ആനക്കൈ ബാലകൃഷ്ണൻ, ഡയറക്ടർ പി കെ ഹരിദാസ്, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സി പി വനജ, ഹിന്ദുസ്ഥാൻ ചൈനാക്ലേ ലേബർ യൂനിയൻ (സിഐടിയു) പ്രസിഡൻറ് ഐവി ശിവരാമൻ, ഹിന്ദുസ്ഥാൻ ചൈനാക്ലേ വർക്സ് നാഷനൽ ലേബർ യൂനിയൻ (ഐഎൻടിയുസി) പ്രസിഡൻറ് വി വി ശശീന്ദ്രൻ, ഹിന്ദുസ്ഥാൻ ചൈനാക്ലേ വർക്സ് ലേബർ യൂനിയൻ പ്രസിഡൻറ് എ മാധവൻ, കേരള ക്ലേസ് ആൻഡ് സിറാമിക്സ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡൻറ് കെ മോഹനൻ എന്നിവർ സംസാരിച്ചു.
ഇതോടനുബന്ധിച്ച് രാവിലെ നടന്ന ഐടി അധിഷ്ഠിത സെമിനാർ കെഎസ്ഐടിഎൽ, കെ ഫോൺ എംഡി ഡോ. സന്തോഷ് ബാബു, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവർ ക്ലാസെടുത്തു. മൈസോൺ ചെയർമാൻ ശീലൻ സഗുണൻ, കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. വി ഒ രജനി, കണ്ണൂർ സർവകലാശാല ഐടി സെൽ കോ ഓർഡിനേറ്റർ ഡോ. ആർകെ സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: