തൊണ്ണൂറ്റി അഞ്ചാം വാർഷികം ഗംഭീരമായി ആഘോഷിച്ച് ആറ്റടപ്പ സൗത്ത് യൂ.പി. സ്കൂൾ

ആറ്റടപ്പ : മനോഹരമായ വിവിധ പരിപാടികളോടുകൂടി ആറ്റടപ്പ സൗത്ത് യു. പി. സ്കൂളിന്റെ തൊണ്ണൂറ്റി അഞ്ചാം വാർഷികം ആഘോഷിച്ചു. പി. ടി.എ. പ്രസിഡന്റ് കെ.വി. സെയ്ദിന്റെ അധ്യക്ഷതയിൽ പ്രശസ്ത സംവിധായകൻ ദീപേഷ്. ടി ഉദ്ഘാടനം നിർവ്വഹിച്ചു. തന്നിലേക്ക് പരമാവധി ഉൾവലിയുന്ന കാലത്ത് പൊതുവിദ്യാഭ്യാസത്തിനു വളരെയേറെ പ്രാധാന്യമുണ്ടെന്നും അതിന്റെ മഹത്വം പറഞ്ഞറിയിക്കാനാവില്ലെ ന്നും ഒരു അമ്മയുടെ ദു:ഖ കഥ പറയവേ ഉദ്ഘാടകൻ സൂചിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ വി. ബാലകൃഷ്ണൻ അനുമോദനവും വിദ്യാലയ സംരക്ഷണ സമിതി കൺവീനർ ഒ.പി. രവീന്ദ്രൻ സമ്മാന ദാനവും നടത്തി. ചാല സർവീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സി. പി. ബാലൻ, ഗ്രാമോദ്ദാരണ വായനശാല സെക്രട്ടറി വി. വി. പ്രേമരാജൻ, മാനേജർ സി.എച്ച്. നാരായണൻ, മദർ പി.ടി.എ.പ്രസിഡന്റ് രചന കെ., നജീബ് നടാൽ, പി. കെ. സുജയ്, ഒ. പി. രജിൽ. ലിജിന ആറ്റടപ്പ എന്നിവർ സംസാരിച്ചു. സനൽ കുമാർ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് കെ. വിലാസിനി ടീച്ചർ സ്വാഗതവും ബിഗേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായും അമ്മമാർക്കായും വിവിധ കലാ – കായിക മത്സരങ്ങളും, ബോധവൽക്കരണ ക്ലാസുകളും, നാടൻ പാട്ട് ശില്പശാലയും പാചക മത്സരവും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സ്കൂളിനായി മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ അനുമോദിക്കവേ അടുത്തുവരുന്ന നൂറാം വാർഷികം മുഴുവൻ നാട്ടുകാരെയും ഉൾപ്പെടുത്തി ഗംഭീരമായി ആഘോഷിക്കാൻ കൂടി ചടങ്ങിൽ വച്ചു തീരുമാനിക്കുകയുമുണ്ടായി. എട്ടോളം അംഗൻവാടികളെ പങ്കെടുപ്പിച്ചുള്ള അംഗൻവാടി കൂട്ടായ്മ ബി.പി. സി. സി. ആർ. വിനോദ് കുമാർ മാസ്റ്ററും, കായിക മത്സരങ്ങൾ മുൻ സന്തോഷ് ട്രോഫി താരം സി. എച്. ഹരിദാസും ഉദ്ഘാടനം ചെയ്തു. വാർഷികത്തിന്റെ പോസ്റ്റർ പ്രചരണ ഉദ്ഘാടനം മുൻ മിസ്റ്റർ ഇന്ത്യ പി. പി. സമീർ നിർവ്വഹിച്ചു . ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പഠനോത്സവത്തിന്റെ ഉദ്ഘാടനം നാടക പ്രവർത്തകൻ അതുലും കലാമത്സര ഉദ്ഘാടനം യൂണിവേഴ്സിറ്റി കലാതിലകം ശ്രീഗംഗയും നിർവ്വഹിച്ചു.