‘റബ്ബറിന് 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യാം’ ; തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

ആലക്കോട് : റബ്ബറിന് 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ആലക്കോട് നടന്ന കത്തോലിക്ക കോൺഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

‘റബ്ബറിന് വിലയില്ല, വിലത്തകർച്ചയാണ്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ റബ്ബറിന്റെ വില 250 രൂപയാക്കാൻ കഴിയും. തിരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല എന്ന സത്യമോർക്കുക. നമുക്ക് കേന്ദ്രസർക്കാരിനോട് പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങൾ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങൾ വില 300 രൂപയായി പ്രഖ്യാപിച്ച് കർഷകരിൽ നിന്ന് റബ്ബർ എടുക്കുക. നിങ്ങൾക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.’, ബിഷപ്പ് പറഞ്ഞു.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോൾ റബ്ബറിന് 150 രൂപ താങ്ങുവില അനുവദിച്ചിരുന്നു. 2021-ലെ പ്രകടനപത്രികയിൽ ഇത് 250 രൂപയാക്കുമെന്ന് എൽ.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പാക്കിയിട്ടില്ല. 120 രൂപയാണ് കർഷകന് റബ്ബറിന് നിലവിൽ ലഭിക്കുന്നത്. എന്നാൽ, ഇതിലേറ ചെലവ് ഉത്പാദനത്തിനും മറ്റും ഉണ്ടാവുന്നുണ്ട്. റബ്ബറിനെ ആശ്രയിച്ച് കഴിയുന്ന മലയോര ജനതയ്ക്ക് ഇത് കടുത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ബിഷപ്പിന്റെ പ്രതികരണം.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ക്രിസ്ത്യൻ വിഭാഗങ്ങളുമായി ബി.ജെ.പി. കൂടുതൽ അടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് തലശ്ശേരി ബിഷപ്പിന്റെ ഇത്തരത്തിലുള്ള പ്രതികരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: