സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ക്ഷീര മേഖല
ഉപയോഗപ്പെടുത്തണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഒരു വര്‍ഷത്തിനുള്ളില്‍ ക്ഷീരോല്‍പ്പാദന മേഖലയില്‍ സ്വയം പര്യാപ്തത നേടാന്‍  കേരളത്തിന് കഴിയണമെന്ന് തദ്ദേശ സ്വയംഭരണ,എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മാതമംഗലം കല്‍ഹാര ഓഡിറ്റോറിയത്തില്‍ ക്ഷീര വികസന വകുപ്പ് സംഘടിപ്പിച്ച ജില്ലാ തല ക്ഷീര കര്‍ഷക സംഗമം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂരിലെ കിടാരി പാര്‍ക്കും മന്ത്രി ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാങ്കേതിക രംഗത്ത് കേരളം നേടിയ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ക്ഷീര മേഖല തയ്യാറാകണം. അധികമുള്ള പാലില്‍നിന്നും മൂല്യ വര്‍ദ്ധിത ക്ഷീരോല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്താനാവണം. ഇത് ക്ഷീര മേഖലയ്ക്ക്  വലിയ ഉണര്‍വുണ്ടാക്കും. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പേരൂല്‍ ക്ഷീരോല്‍പാദക സഹകരണ സംഘമാണ് ആതിഥ്യം വഹിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, മില്‍മ, ആത്മ, കേരള ഫീഡ്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി കന്നുകാലികളുടെ പ്രദര്‍ശനം, ക്ഷീര കര്‍ഷക സംഘം ജീവനക്കാര്‍ക്കുള്ള ശില്‍പശാല, വിവിധ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു.
കേരളത്തില്‍ മികച്ചയിനം കിടാരികളെ വളര്‍ത്തി ഭാവിയില്‍ മികച്ച പാലുല്‍പാദനം ഉറപ്പുവരുത്തുന്നതിന് കറവപ്പശുക്കളെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കിടാരി പാര്‍ക്ക് പദ്ധതി ആവിഷ്‌ക്കരിച്ചത്. പേരൂരില്‍ നിര്‍മ്മിച്ച കിടാരി പാര്‍ക്കില്‍ 50 പശുക്കളാണുള്ളത്. മികച്ച സൗകര്യങ്ങളോടു കൂടിയുള്ളതാണ് പാര്‍ക്ക്. ഇത്തരം പദ്ധതികളിലൂടെ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്നതാണ് ലക്ഷ്യം. പരിപാടിയുടെ ഭാഗമായി കറവ യന്ത്രങ്ങള്‍, മരുന്നുകള്‍ തുടങ്ങി ഒട്ടേറെ ക്ഷീര ഉല്‍പ്പന്നങ്ങളുടെ 26 സ്റ്റാളുകളും ഒരുക്കി. കര്‍ഷകര്‍ക്കായി ‘ക്ഷീര മേഖലയിലെ സംരംഭകത്വ സാധ്യതകള്‍, വെല്ലുവിളികള്‍ ‘എന്ന വിഷയത്തില്‍ ക്ലാസെടുത്ത ബാംഗ്ലൂര്‍ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി പ്രൊഫസറും, വെറ്റിനറി യൂണിവേഴ്‌സിറ്റി കേരള സംരഭകത്വ വിഭാഗം മുന്‍ ഡയറക്ടറുമായ ഡോ ടി പി സേതുമാധവനെ  മന്ത്രി ആദരിച്ചു. തുടര്‍ന്ന്  ജില്ലയിലെ ഏറ്റവും കൂടുതല്‍ പാലളന്ന ക്ഷീര കര്‍ഷകന്‍, മികച്ച യുവ കര്‍ഷകന്‍, മികച്ച പരമ്പരാഗത സംഘം, മികച്ച ആനന്ദ് മാതൃക ക്ഷീര സംഘം , ഏറ്റവും കൂടുതല്‍ ഗുണ നിലവാരമുള്ള പാല്‍ സംഭരിച്ച ക്ഷീര സംഘം, മികച്ച എ ക്ലാസ് ക്ഷീര സംഘം, വിവിധ ക്ഷീര വികസന യൂണിറ്റിലെ മികച്ച ക്ഷീര കര്‍ഷര്‍ എന്നിവരെയും ആദരിച്ചു. സെല്‍ഫി പൈ എന്ന മത്സരത്തില്‍ വിജയികളായവരെ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍   ആദരിച്ചു. പയ്യന്നൂര്‍ നിയോജക മണ്ഡലം  ടി ഐ മധുസൂദനന്‍എം എല്‍ എ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ വി പി സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.  എം എല്‍ എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ,  ക്ഷീര കര്‍ഷക സംഗമം സംഘാടക സമിതി ചെയര്‍മാന്‍ പി ഗംഗാധരന്‍,  ജനറല്‍ കണ്‍വീനര്‍ ട്വിങ്കിള്‍ മാത്യു,  ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പി പി സുനൈജ, കാസര്‍കോഡ് റീജ്യണല്‍ ഡയറി ലാബ് ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ക്കി ജോര്‍ജ്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി വത്സല, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി ലളിത തുടങ്ങി മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: