ഇരിക്കൂര്‍ പ്രശ്‌ന പരിഹാരം: തീരുമാനം നാളെ അറിയിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്ക പരിഹാരത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തി. വൈകുന്നേരം മൂന്നോടെയാണ് അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇരിക്കൂറിലെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ചര്‍ച്ചയ്ക്കായി കണ്ണൂരിലെത്തിയിരുന്നു. പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം നാളെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നുകില്‍ സ്ഥാനാര്‍ഥി അല്ലെങ്കില്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരിലുണ്ടായ വികാരം നേരിട്ട് മനസിലാക്കാനാണ് കണ്ണൂരിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുമായും ബന്ധപ്പെട്ട് സംസാരിച്ച് അവരുടെ വികാരങ്ങള്‍ പൂര്‍ണമായും മനസിലാക്കുന്നു. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ നേതാക്കളുമായി ചര്‍ച്ച ചെയ്യും. കെ.സുധാകരനെ കാണും. രമേശ് ചെന്നിത്തലയോടും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും നാളെ തന്നെ ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വച്ച് ചര്‍ച്ച ചെയ്യും. ഇതിനൊരു പരിഹാരം കാണണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. നേതാക്കളുമായി സംസാരിച്ച് തീരുമാനം നാളെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടയാണ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് അതിനുവേണ്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. പ്രവര്‍ത്തകരെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ആഗ്രഹം. അതിനു വേണ്ടിയുള്ള കാര്യങ്ങളാണ് ചര്‍ച്ച നടത്തിയത്. അതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും ബോധ്യപ്പെട്ടു. അതിനെന്തു വേണം എന്ന കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: