വ്യാജ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് മാക്കൂട്ടം അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണ്ണാടക

 ഇരിട്ടി: കേരളത്തിൽനിന്ന് മാക്കൂട്ടം ചുരം പാതവഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം കർണാടക ശക്തമാക്കി.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക ആരോഗ്യവകുപ്പ് നിർബന്ധമാക്കിയതോടെ വ്യാജ സർട്ടിഫിക്കറ്റുമായി യാത്രക്കാർഎത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ്  മാക്കൂട്ടം അതിർത്തി ചെക്ക് പോസ്റ്റിൽ കുടക് ജില്ലാ അധികൃതർ നിയന്ത്രണം കടുപ്പിച്ചത്.
 വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയ നിരവധി പേരെ കഴിഞ്ഞ ദിവസംപിടികൂടിയിരുന്നു. നിലവിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി എത്തുന്നവരെയാണ് അതിർത്തി കടത്തി വിടുന്നത്. സ്ഥിരം യാത്രക്കാർക്കും ചരക്ക് വാഹനത്തൊഴിലാളികൾക്കും 14 ദിവസത്തേക്കും മറ്റുള്ളവർക്ക് 72 മണിക്കൂറുമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. ഇത് പരിശോധിക്കുന്നതിനായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പ് പ്രത്യേക കൗണ്ടറും തുറന്നിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി ചെക്ക് പോസ്റ്റിൽ മറ്റൊരു കൗണ്ടർകൂടി തുറന്നു. പൊലിസിന്റെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റിൽ ആളുകളുടെ പേരും ആധാർ നമ്പറും തിരുത്തി കംപ്യൂട്ടർ പ്രിന്റുമായാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റെന്ന നിലയിൽ വ്യാജ സർട്ടിഫിക്കറ്റുമായി ചില യാത്രക്കാർ എത്തുന്നത്. അധികൃതർക്ക് സംശയം ഉണ്ടാകാതിരിക്കാൻ തിരിച്ചറിയൽ കാർഡും ആധാർ കാർഡിന്റെ കോപ്പിയും കരുതും. കൂടുതൽ യാത്രക്കാർ ഉണ്ടാകുന്നതിനാൽ യാത്രക്കാരുടെ തിരിച്ചറിയൽരേഖയിലെ ഫോട്ടോയും തിരിച്ചറിയൽ നമ്പറും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഒത്തുനോക്കിയശേഷം കടത്തിവിടുകയാണ് പതിവ്. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ വിശദമായ പരിശോധനയ്ക്കും മറ്റുമാണ് മറ്റൊരു കൗണ്ടർ കൂടി തുറന്നിരിക്കുന്നത്.
വ്യാജൻമാർക്കെതിരേ ഇതുവരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വ്യാജ സർട്ടിഫിക്കറ്റുമായി നിരവധി പേർ അതിർത്തി കടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലിസിന്റെയും കുടക് ജില്ല അധികൃതരുടെയും ഉന്നത ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിൽ എത്തി പരിശോധന നടത്തി.
അന്തർ സംസ്ഥാന യാത്രക്കാർ അനുഭവിക്കുന്ന യാത്രാദുരിതം ലഘൂകരിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം കുടക് ജില്ലാ അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല
 ആർ.ടി.പി.സി.ആർ. നിർബന്ധമാക്കിയതോടെ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയുകയും ചരക്ക് ഗതാഗതം സ്തംഭനത്തിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് നിയന്ത്രണത്തിൽ ഇളവുണ്ടാകണമെന്ന ആവശ്യം ഉയർന്നത്. കേരളത്തിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുകയും കുടക് മേഖലയിൽ കേരളീയരുമായുള്ള സമ്പർക്കം മൂലം പുതുതായി ആർക്കും രോഗം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യവും കണക്കാക്കി നിയന്ത്രണത്തിൽ ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചവർ ഇതോടെ നിരാശയിലാണ്.
കുടകിലെ തൊഴിലാളികളിൽ ഭൂരിഭാഗവും കേരളത്തിൽനിന്നുള്ളവരാണ്. ചെക്ക് പോസ്റ്റിലെ നിയന്ത്രണങ്ങൾ കാരണം പലർക്കും യഥാസമയം ജോലിസ്ഥലത്ത് എത്താൻ കഴിയുന്നില്ല. പലരും തൊഴിൽതന്നെ ഉപേക്ഷിച്ചിരിക്കുകയണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: