നിര്‍ഭയ കേസ് പ്രതികളുടെ മരണവാറന്റ് റദ്ദാക്കില്ല; നാളെ പുലർച്ചെ തന്നെ തൂക്കിലേറ്റും

മരണവാറന്റ് റദ്ദാക്കണമെന്ന നിര്‍ഭയ കേസ് പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. രാജ്യാന്തരകോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകള്‍ പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ മരണവാറന്‍റ് റദ്ദാക്കാന്‍ ഒന്നുംചെയ്യാനാകില്ലെന്ന് ഹൈക്കോടതി. പ്രതികള്‍ക്ക് ദൈവത്തെ കണ്ടുമുട്ടാന്‍ സമയമായെന്നും കോടതി.

നിര്‍ഭയകേസിലെ പ്രതികളെ നാളെ രാവിലെ 5.30ന് തൂക്കിലേറ്റും. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാലഹൗസ് കോടതി തള്ളി. പ്രതികളായ പവന്‍ ഗുപ്തയും അക്ഷയ് സിങും നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതിയും പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയും തള്ളി. വിചാരണ അസാധുവാക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി നിരസിച്ചു. മകള്‍ക്ക് നാളെ നീതി ലഭിക്കുമെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.

വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പുള്ള അവാസന പകലില്‍ വിവിധ ഹര്‍ജികളാണ് പല കോടതികളിലായി പ്രതികള്‍ നല്‍കിയത്. എല്ലാം പരിഗണിച്ചപ്പോള്‍ തന്നെ നിരസിക്കപ്പെട്ടു. ഹര്‍ജികള്‍ പരിഗണനയില്‍ ഉള്ളതിനാല്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്നായിരുന്നു വിചാരണക്കോടതിയില്‍ പ്രതികളുടെ ആവശ്യം. എന്നാല്‍ അവകാശപ്പെട്ട നിയമ നടപടികളെല്ലാം പ്രതികള്‍ പൂര്‍ത്തിയാക്കിയതാണെന്നും അതിനാല്‍ നാളെത്തന്നെ ശിക്ഷ നടപ്പിലാക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. അക്ഷയ് സിങിന്‍റെ ഭാര്യ നല്‍കിയ വിവാഹ മോചന ഹര്‍ജി പ്രതികളുടെ അഭിഭാഷകനായ എ.പി സിങ് ഉന്നയിച്ചെങ്കിലും അതൊന്നും മരണവാറന്‍റ് സ്റ്റേ ചെയ്യാനുള്ള നിയമപരമായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതി പവന്‍ ഗുപ്ത നല്‍കിയ രണ്ടാം തിരുത്തല്‍ ഹര്‍ജി രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു. പവന്‍ ഗുപ്തയും അക്ഷയ് സിങും നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി പരിഗണിക്കാനും തയ്യാറിയില്ല. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഡല്‍ഹിയിലുണ്ടായിരുന്നില്ലെന്നും അതിനാല്‍ വിചാരണ അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി നിരസിച്ചു. ശിക്ഷ നടപ്പിലാക്കുന്നതിന്‍റെ തൊട്ടുമുമ്പ് പുതിയ വാദങ്ങളുമായി വന്നാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടാം ദയാഹര്‍ജി രാഷ്ട്രപതി പരിഗണിത്തതിനെതിരെ അക്ഷയ് സിങ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പിന്നാലെ തള്ളി. മകള്‍ക്ക് നാളെ നീതി ലഭിക്കുമെന്നായിരുന്നു നിര്‍ഭയയുടെ അമ്മയുടെ പ്രതികണം.

വധശിക്ഷ സ്റ്റേ ചെയ്യാന്‍ വിചാരണക്കോടതി വിസമ്മതിച്ചതോടെ അക്ഷയ് സിങിന്‍റെ ഭാര്യ കുഴഞ്ഞുവീണു. കോടതിമുറിയില്‍ കരഞ്ഞ് ബഹളംവെച്ച ഇവരെ പൊലീസ് ബലം പ്രയോഗിച്ചാണ് പുറത്തേക്ക് കൊണ്ടുപോയത്. കോടതിക്ക് പുറത്ത് റോഡില്‍ കിടന്നും ഇവര്‍ പ്രതിഷേധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: