കൂട്ടായ്മയുടെ വിജയവുമായി ‘ഒരുമ’

കൈകോർത്ത് പിടിച്ചാൽ കാലിടറില്ലെന്ന് തെളിയിക്കുകയാണ് ഏഴോം ഗ്രാമപഞ്ചായത്തിലെ ചെങ്ങൽത്തടത്തെ വനിതകളുടെ ഒരുമ സംരംഭക യൂനിറ്റ്. കോൺക്രീറ്റ് സിറ്റിസൺ ഇൻഫർമേഷൻ ബോർഡുകളും പൂച്ചട്ടികളും നിർമ്മിച്ചാണ് ഇവരുടെ മാതൃകാ പ്രവർത്തനം.

ആറ് പേരുടെ കൂട്ടായ്മ കഴിഞ്ഞ ഡിസംബറിലാണ് പ്രവർത്തനം തുടങ്ങിയത്. ഇതിനായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും മൂന്ന് ലക്ഷം രൂപ സബ്സിഡിയോടെ അഞ്ച് ലക്ഷം രൂപ സ്വയംതൊഴിൽ വായ്പയെടുത്തു. ഇപ്പോൾ, പഞ്ചായത്തിലേക്കാവശ്യമായ മുഴുവൻ കോൺക്രീറ്റ് ബോർഡുകളും ഒരുമയാണ് നിർമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതികളുടെ വിവരങ്ങൾ രേഖപ്പെടുത്തി വിവിധയിടങ്ങളിൽ സ്ഥാപിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. കല്യാശ്ശേരി ബ്ലോക്കിലെ മറ്റു പഞ്ചായത്തുകൾക്കും ബോർഡ് നിർമിച്ചു നൽകുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ പറഞ്ഞു.

പ്രവർത്തനം തുടങ്ങി രണ്ടു മാസം പൂർത്തിയാകുമ്പോഴേക്കും അഞ്ഞൂറോളം പൂച്ചട്ടികളും നിർമിച്ച് വിൽപ്പന നടത്തി. കട്ടിയുള്ള ഖാദി, കൈത്തറി തുണി മുറിച്ചെടുത്ത് സിമന്റ് ഗ്രൗട്ടിൽ മുക്കിയെടുത്ത് ഡിസൈൻ ചെയ്താണ് പൂച്ചട്ടി നിർമ്മാണം. കനം കുറഞ്ഞ ഈ പൂച്ചട്ടികൾ നിറം നൽകി ഭംഗിയാക്കും. ഇരിണാവ് വീവേഴ്സാണ് ഇതിനാവശ്യമായ തുണി നൽകുന്നത്. ഒരു മീറ്റർ തുണികൊണ്ട് വലിപ്പമുള്ള രണ്ട് ചട്ടികൾ ഉണ്ടാക്കാം. ഇതിനു പുറമെ സിമന്റും എംസാന്റും കൊണ്ടുള്ള ചട്ടികളും നിർമിക്കുന്നുണ്ട്. മാടായി ഗവ. ബോയ്സ് സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റാണ് പൂച്ചെട്ടി നിർമാണത്തിൽ ഇവർക്ക് പരിശീലനം നൽകിയത്.

ആവശ്യക്കാർ പറയുന്ന ഡിസൈനിലും വലിപ്പത്തിലുമുള്ള ചട്ടികൾ ഉണ്ടാക്കിക്കൊടുക്കും. വീടുകൾക്ക് പുറമെ അംഗൻവാടികളും മറ്റു സ്ഥാപനങ്ങളും ചട്ടികൾ വാങ്ങുന്നുണ്ട്. തുണിപ്പൂച്ചട്ടിക്ക് 20 രൂപ മുതൽ 300 രൂപ വരെയാണ് വില. 50 മുതൽ 120 രൂപ വരെ നിരക്കിലാണ് സിമന്റ് ചട്ടികൾ വിൽക്കുന്നത്. ഒരു ദിവസം നാൽപ്പതോളം ചട്ടികൾ നിർമിക്കാൻ കഴിയും.

പ്ലാസ്റ്റിക് ബദൽ എന്ന നിലയിൽ വലിയ സ്വീകാര്യതയാണ് തുണിച്ചട്ടികൾക്ക് ലഭിക്കുന്നത്. ഭാരം കുറവുമാണ്. വിവിധ ബദൽ ഉൽപ്പന്ന പ്രദർശന മേളകളിലും ഈ പൂച്ചട്ടികൾ മികച്ച ശ്രദ്ധ നേടുന്നുണ്ട്. ഖബറിടങ്ങളിലേക്കുള്ള മീസാൻ കല്ലുകളും ഇവർ നിർമിച്ചു നൽകും. വൈദ്യുതിയും യന്ത്രസംവിധാനങ്ങളും ലഭിച്ചാൽ സിമന്റ് കട്ടകൾ കൂടി നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൂട്ടായ്മ. കുടുംബശ്രീ മിഷന്റെയും വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെയാണ് പ്രവർത്തനം. സി അനിത, പി ഗീത, ബി ബിന്ദു, പി സജിത, വി ടി നളിനി, ആഞ്ജല ബെന്നി എന്നിവരാണ് ഒരുമയുടെ പെരുമയുമായി മുന്നോട്ട് പോകുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: