വിസ തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളി 18 വർഷത്തിനു ശേഷം അറസ്റ്റിൽ.

ശ്രീകണ്ഠാപുരം: വിസ തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി 18 വർഷത്തിനു ശേഷം പിടിയിൽ. കർണ്ണാടക മടിക്കേരി റാണി പേട്ട് സ്വദേശി മുഹമ്മദിൻ്റെ മകൻ മുഹമ്മദ് ബാഷ (63) യെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി.ടി.കെ.രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ ഇ .പി.സുരേശൻ്റെ നേതൃത്വത്തിൽ എസ്.ഐ.സി.ദീലിപ്കുമാർ, എ.എസ്.ഐ.എ.പ്രേമരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ ,സിവിൽ പോലീസ് ഓഫീസർ ഷമീർ എന്നിവരടങ്ങിയ സംഘം മടിക്കേരിയിൽ വെച്ച് അറസ്റ്റു ചെയ്തത്.2003 ഒക്ടോബർ മാസത്തിൽ മലേഷ്യയിലേക്ക് വിസ വാഗ്ദാനം നൽകി ശ്രീകണ്ഠാപുരം നിടിയേങ്ങ സ്വദേശിയും ഡ്രൈവറുമായ ഗംഗാധരൻ നമ്പ്യാരുടെ മകൻ ദിനേശ്കുമാറിൽ നിന്നും ഒരു ലക്ഷം രൂപയും പാസ്പോർട്ടും കൈക്കലാക്കിയ ശേഷം മലേഷ്യയിലെത്തിക്കുകയും യാത്രാരേഖകൾ കൃത്യമല്ലാത്തതിനാൽ തട്ടിപ്പിനിരയായതോടെ മലേഷ്യയിൽ ജയിലിൽ കഴിയേണ്ടി വരികയും ചെയ്തു. പിന്നീട് പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോൾ വിസക്ക് വാങ്ങിയ പണമോ പാസ്പോർട്ടോ തിരിച്ചുനൽകാതെ കബളിപ്പിച്ച കേസിൽ രണ്ടാം പ്രതിയായ ഇയാൾ മുംബെയിൽ ഒളിവിൽ കഴിയുന്നതിനിടെ സ്വദേശമായ മടിക്കേരിയിലെത്തിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി.ടി.കെ.രത്നകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ2009-ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.