സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ
 ഒാപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സ് നാടിനു സമര്‍പ്പിച്ചു

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റമാണെന്നും ആശുപത്രി സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ  ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം  ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തെ പൊതുജനാരോഗ്യ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.82 കോടി രൂപ ചെലവഴിച്ചു നവീകരിച്ച തിയറ്റര്‍ കോംപ്ലക്‌സില്‍ യൂറോളജി, ഓര്‍ത്തോ, സെപ്റ്റിക് വിഭാഗങ്ങള്‍ക്കായി മൂന്ന് തിയറ്ററുകളും ജനറല്‍ സര്‍ജറി, ഇഎന്‍ടി, ദന്തരോഗ വിഭാഗം എന്നിവയ്ക്ക് ഒരു  തിയറ്ററുമാണുള്ളത്. കുട്ടികളുടെ ഐസിയു, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, വിശ്രമ മുറി എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് തിയറ്റര്‍ കോംപ്ലക്‌സ്. 10 കുട്ടികളെ ഒരേ സമയം പരിചരിക്കാന്‍ കഴിയുന്ന സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റ്, ലൈബ്രറി,  കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷന്‍ കെട്ടിടം, രോഗികള്‍ക്കായി ഒരുക്കിയ വാഷിങ് കോര്‍ണര്‍ എന്നിവയുടെ ഉദ്ഘാടനവും ഒഫ്താല്‍മോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവൃത്തി ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി. എ എന്‍ ഷംസീര്‍ എം എല്‍ എ, നഗരസഭാധ്യക്ഷ ജമുന റാണി, നഗരസഭ ഉപാധ്യക്ഷന്‍ വാഴയില്‍ ശശി, സ്ഥിരം സമിതി അംഗം ടി കെ സാഹിറ, ഡി പി എം ഡോ. അനില്‍ കുമാര്‍, ആശുപത്രി ജനറല്‍ സൂപ്രണ്ട് ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, പിഡബ്ലുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജിഷ കുമാരി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം സി പവിത്രന്‍, എം പി അരവിന്ദാക്ഷന്‍, പൊന്ന്യം കൃഷ്ണന്‍, അഡ്വ. കെ എം ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: