വ്യാജലോട്ടറിയുമായി തട്ടിപ്പ്; കണ്ണപുരം സ്വദേശിയെ സമർത്ഥമായി കുടുക്കി ന്യൂമാഹി പൊലീസ്, ജില്ലയിലുടനീളം തട്ടിപ്പ്

കണ്ണപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിൽ പണം ലഭിച്ചെന്ന വാദവുമായി വ്യാജടിക്കറ്റ് ഹാജരാക്കി പാറാലിലെ ലോട്ടറി കടയിൽ നിന്നും പണം തട്ടിയ തട്ടിപ്പുകാരനെ ന്യൂമാഹി പൊലീസ് സമർത്ഥമായി കുടുക്കി. ദിവസങ്ങൾക്ക് മുമ്പ് ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച സി.സി ടിവികൾ തന്നെയാണ് പ്രതിയെ കുടുക്കിയത്. കണ്ണപുരം ആയിരംതെങ്ങിലെ മഠത്തിൽ വീട്ടിൽ ജിജേഷ് (34) ആണ് അറസ്റ്റിലായത്. സമ്മാനം അടിച്ചെന്ന് ലോട്ടറി സ്റ്റാളിലെ സ്ത്രീയെ 2 വ്യാജടിക്കറ്റ് നൽകി 5000 രൂപ വീതം അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം 9000 രൂപ വാങ്ങുകയായിരുന്നു. 1000 രൂപയ്ക്ക് ടിക്കറ്റും വാങ്ങി. പിറ്റേന്ന് ടിക്കറ്റുകളുമായി പാനൂരിൽ എത്തിയപ്പോഴാണ് ടിക്കറ്റുകൾ വ്യാജമെന്നറിയുന്നത്. ഇതേ തുടർന്ന് ന്യൂ മാഹി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ സി.സി ടിവിയിൽ നിന്നും പ്രതിയുടെ ചിത്രം ലഭിച്ചു. ലോട്ടറിക്കടയുടെ അൽപ്പം ദൂരെയായി വെള്ള സ്വിഫ്റ്റ് കാർ നിർത്തിയ ശേഷമാണ് ഇയാൾ കടയിലെത്തിയതെന്നും കണ്ടെത്തി. കാറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ റെൻറ് എ കാർ സ്ഥാപനത്തിലേതാണ് എന്നും വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും തിരിച്ചറിഞ്ഞു. സ്ഥാപനത്തിൽ ഇയാൾ നൽകിയ തിരിച്ചറിയൽ രേഖകളും അന്വേഷണത്തിൽ നിർണായകമായി. കണ്ണൂർ ജില്ലയിൽ പലയിടത്തും സമാന തട്ടിപ്പുകൾ ജിജേഷ് നടത്തിയിട്ടുണ്ട്. കേസിൽ ഇബ്രാഹിം എന്നൊരാൾ കൂടി ഉൾപ്പെട്ടതായും, ഇയാൾക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും ന്യൂമാഹി എസ്.ഐ ജയേഷ് ബാലൻ പറഞ്ഞു. എസ്.ഐമാരായ മുകുന്ദൻ, കിഷോർ, സി.പി.ഒ മാരായ പ്രശാന്ത്, രാജേഷ്, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: