തലശ്ശേരിയിൽ വീടുകളിലും കടകളിലും മോഷണം പെരുകുന്നു

തലശ്ശേരി:തലശ്ശേരി മേഖലയിൽ അടുത്തകാലത്തായി വീടുകളിലും കടകളിലും മോഷണം പെരുകുന്നു. കവർച്ചകൾ തുടരുമ്പോഴും പ്രതികളെ പിടികൂടാൻ കഴിയാനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. ഏറ്റവും ഒടുവിലത്തെ സംഭവമാണ് ലോഗൻസ് റോഡിലെ എട്ടുകടകളിൽ നടന്ന മോഷണശ്രമവും രണ്ടുകടകളിൽനിന്ന് 13000 രൂപ മോഷണവും. 

ഈ മാസം 11-ന് ചിറക്കര കെ.ടിപി.മുക്കിലെ സഫ മൻസിലിൽ മോഷണം നടന്നിരുന്നു. മുറിയിൽ കടന്ന് അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. ഇവിടെനിന്ന് കഷ്ടിച്ച് ഒരു കി.മീറ്റർ അകലെയുള്ള രണ്ടുവീടുകളിൽ മൂന്നുമാസം മുൻപ് കവർച്ചകൾ നടന്നിരുന്നു. സ്ത്രീകളുടെ കഴുത്തിൽനിന്ന്‌ സ്വർണമാലയടക്കമാണ് കവർന്നത്. പരിസരങ്ങളിലൊന്നും സി.സി.ടി.വി.കളില്ലെന്ന് ഉറപ്പുള്ള വീടുകളിലാണ് കവർച്ച നടന്നത്. 

ദിവസങ്ങളോളം മോഷ്ടാക്കൾ നിരീക്ഷണം നടത്തിയിരിക്കാമെന്നാണ് കരുതുന്നത്. കുഞ്ഞാംപറമ്പ് സ്കൂളിലെ റിട്ട. പ്രഥമാധ്യാപിക രാജമ്മയുടെ വീട്ടിലും തൊട്ടടുത്തുള്ള റിട്ട. ഉദ്യോഗസ്ഥൻ അജിത്തിന്റെ വീട്ടിലും കവർച്ച നടന്നു. രാജമ്മയുടെ വീടിന്റെ പിന്നിലെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന രാജമ്മയുടെയും മരുമകൾ പ്രമജയുടെയും കഴുത്തിൽനിന്ന് ആഭരണങ്ങൾ കവർന്നു. സമാനരീതിയിൽ ജനുവരിയിൽ കുയ്യാലി കാർത്തിക ഹൗസിൽ വത്സലയുടെ വീട്ടിലും കവർച്ച നടന്നിരുന്നു. രണ്ടരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഒരാഴ്ചമുമ്പ് ഒ.വി. റോഡിലെ രണ്ടുകടകളിൽ മോഷണവും നാലുകടകളിൽ മോഷണശ്രമവും നടന്നിരുന്നു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: