ജില്ലാ ആശുപത്രിയിൽ ഡെൻറൽ ഇംപ്ലാൻറ്, ലേസർ ക്ലിനിക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ആശുപത്രി ദന്ത വിഭാഗത്തിൽ ആരംഭിച്ച ആധുനിക ഡെന്റൽ ഇംപ്ലാൻറ്, ലേസർ ക്ലിനിക് പി.കെ ശ്രീമതി ടീച്ചർ എം.പി ഉദ്ഘാടനം ചെയ്തു. സ്വകാര്യ ആശുപത്രികളോട് കിട പിടിക്കുന്ന, എന്നാൽ അതിനേക്കാൾ മഹനീയമാണ് ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങളെന്ന് എം.പി പറഞ്ഞു. ജില്ലാ ആശുപത്രിയിൽ രണ്ട് ഡെൻറൽ സർജൻമാരുടെ തസ്തിക കൂടി അനുവദിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് എം.പി പറഞ്ഞു. നിലവിൽ മൂന്ന് ഡെന്റൽ സർജൻന്മാർ, രണ്ട് ഡെന്റൽ ഹൈജീനിസ്റ്റ്, ഒരു ഡെൻറൽ മെക്കാനിക്ക് എന്നിവരുടെ വിദഗ്ധ സേവനവും ഇവിടെ ഉണ്ട്. ജില്ലാ ആശുപത്രിക്കായി ജീവൻ രക്ഷാ ആംബുലൻസ് എം.പി ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ടെന്നും എം.പി അറിയിച്ചു. ക്ലിനിക്കിൽ എം.പിയുടെ ദന്ത പരിശോധനയും നടത്തി. 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.പി ദിവ്യ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.പി. ജയബാലൻ, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂൽ, സെക്രട്ടറി വി. ചന്ദ്രൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.പി. രാജേഷ്, ഡോ. സി.പി ഗീത എന്നിവർ സംബന്ധിച്ചു.

ഡന്റൽ ഇംപ്ലാൻറ് ചികിത്സയിൽ പരിശീലനം നേടിയ ജില്ലാ ആശുപത്രി ഡെന്റൽ സർജൻ ഡോ. സി.പി ഗീതയാണ് ക്ലിനിക്കിൽ ചികിത്സക്ക് നേതൃത്വം നൽകുന്നത്. പ്രത്യേക തരം ടെറ്റാനിയം സ്‌ക്രൂ പല്ല് നഷ്ടപ്പെട്ട ഭാഗത്തുള്ള അസ്ഥിയിൽ ഉറപ്പിച്ചു വെച്ച് അവിടെ പുതിയ പല്ല് വെക്കുകയാണ് ചെയ്യുക. ലേസർ ചികിത്സ ഉപയോഗിച്ച് വേദന രഹിതമായി മൈനർ സർജറികൾ നടത്തുവാൻ സാധിക്കും. ആരോഗ്യ വകുപ്പിൽ സംസ്ഥാനത്ത് തന്നെ ചുരുക്കം ആശുപത്രികളിലാണ് ഈ സൗകര്യമുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: