പയ്യാമ്പലം പുലിമുട്ട് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പയ്യാമ്പലത്ത് നിർമ്മിക്കുന്ന പുലിമുട്ടിന്റെ (GROYNES) നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം മേയര്‍ അഡ്വ.ടി.ഒ മോഹനന്‍റെ അധ്യക്ഷതയില്‍ കെ സുധാകരന്‍ എം.പി നിര്‍വ്വഹിച്ചു.
പുലിമുട്ട് നിർമാണം ഈ പ്രദേശത്ത് ഏറ്റവും അത്യാവശ്യമാണ് എന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് കെ സുധാകരൻ എം പി പറഞ്ഞു. അതിന് പദ്ധതി ആവിഷ്കരിച്ച കണ്ണൂർ കോർപറേഷനെ അഭിനന്ദിക്കുകയാണ്. നമ്മുടെ നാട്ടിൽ രോഗങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണം മാലിന്യ നിക്ഷേപമാണ്. മാലിന്യത്തിനെതിരെ ശക്തമായ നിലപാട് എടുത്തില്ലെങ്കില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാലിന്യ നിര്‍മ്മാര്‍ജനത്തിന് മുന്‍ ഗണന നല്‍കി കോര്‍പ്പറേഷന്‍ വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പടന്നപ്പാലം, പയ്യാമ്പലം പ്രദേശത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി മലിനജല പ്രശ്‌നത്തില്‍ ബുദ്ധിമുട്ടുകയാണ്. ഇതിന് പരിഹാരമായി മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണ പ്രവര്‍ത്തി അവസാന ഘട്ടത്തിലാണ്. അതുപോലെ പയ്യാമ്പലത്ത് കെട്ടികിടക്കുന്ന മലിന ജലം ഒഴിവാക്കുന്നതിന് വേണ്ടി കടലോരത്ത് നിര്‍മ്മിക്കുന്ന പുലിമുട്ട് ഏറെ സഹായകമാകും. ചേലോറയിലെ ജനങ്ങള്‍ അനുഭവിച്ച് കൊണ്ടിരുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നു. വികസന കാര്യത്തോടൊപ്പം മാലിന്യ നിര്‍മ്മാര്‍ജനത്തിന് പ്രാമുഖ്യം നല്‍കുന്ന ഭരണമാണ് കോര്‍പ്പറേഷനെന്നും കെ.സുധാകരന്‍ പറഞ്ഞു
.
കണ്ണൂരിന്റെ മുഖഛായ മാറ്റുന്ന ഒരു പദ്ധതിക്ക് താമസിയാതെ രൂപം നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് വേണ്ടി കേന്ദ്ര സംഘം അടുത്ത ദിവസം കണ്ണൂര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ കോര്‍പ്പറേഷനിലെ പയ്യാമ്പലം, പഞ്ഞിക്കല്‍, ചാലാട്, പള്ളിയാംമൂല എന്നീ ഡിവിഷനുകളില്‍ നിന്നും ഒഴുകിയെത്തുന്ന ജലം സുഗമമായി കടലിലേക്കൊഴുകാതെയും വേലിയേറ്റ സമയത്ത് കടലില്‍ നിന്നും ഒഴുകിയെത്തുന്ന ജലം തിരിച്ചൊഴുകാതെ കെട്ടിക്കിടക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലക്കാണ് പടന്നത്തോടിന്‍റെ അഴിമുഖത്ത് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ കോര്‍പ്പറേഷന്‍
പുലിമുട്ട് നിര്‍മ്മിക്കുന്നത്.
മഴക്കാലത്ത് തീരപ്രദേശങ്ങളിൽ വെള്ളം നിറയുകയും ഉപ്പുവെള്ളം കയറുകയും ചെയ്യുന്ന അവസ്ഥക്ക് പുലിമുട്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പരിഹാരമാകും.
കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 4.65 കോടി രൂപക്ക് കരാര്‍ ഏറ്റെടുത്ത ഈ പദ്ധതിക്ക് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് മേല്‍നോട്ടം വഹിക്കുന്നത്. 12 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കും.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഐ.എ.എസ് എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.
ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ രാഗേഷ്, പി ഷമീമ ടീച്ചര്‍, എം.പി രാജേഷ്, അഡ്വ പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, എന്‍ സുകന്യ, പി വി ജയസൂര്യന്‍, കെ പി അനിത, കെ പ്രദീപൻ,വി കെ ഷൈജു, ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ മുഹമ്മദ് അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.