ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് യുവ ചരിത്രം; ഗാബ കീഴടക്കി ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയുമായി ഇന്ത്യ മടങ്ങുന്നു

ബ്രിസ്‌ബേന്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് യുവ ചരിത്രം, വിഖ്യാത ഗാബയില്‍ ചരിത്രജയം പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി. അവസാന ദിനം ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 329-7. നേരത്തെ, മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.

വിരാട് കോലിയടക്കമുള്ള വമ്പന്‍ താരങ്ങളില്ലാതിരുന്നിട്ടും പരിക്കും വംശീയാധിക്രമണങ്ങളും ഓസീസ് വമ്പും പൊരുതിത്തോല്‍പിച്ച് ചരിത്രം കുറിക്കുകയായിരുന്നു ടീം ഇന്ത്യ. ഗാബയിലെ ടെസ്റ്റ് ചരിത്രത്തില്‍ ടീം ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗാബയില്‍ 32 വര്‍ഷത്തിന് ശേഷമാണ് ഓസീസിനെ ഒരു ടീം പരാജയപ്പെടുത്തുന്നത് എന്നതും ഇന്ത്യന്‍ ജയത്തിന്‍റെ മാറ്റ് കൂട്ടുന്നു.

തുടക്കം തകര്‍ന്നിട്ടും ഗില്ലാട്ടം 

4-0 എന്ന സ്‌കോറില്‍ അവസാന ദിനം തുടങ്ങിയ ഇന്ത്യ പ്രതീക്ഷിച്ച തുടക്കമല്ല ആദ്യ സെഷനില്‍ ലഭിച്ചത്. തലേന്നത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്‌ന്‍റ കൈകളിലെത്തിച്ചു. ഏഴ് റണ്‍സേ രോഹിത്തിനുള്ളൂ. ഇതിന് ശേഷം ക്രീസിലൊന്നിച്ച ഗില്‍-പൂജാര സഖ്യം കരുതലോടെ മുന്നേറി. 90 പന്തില്‍ നിന്ന് ഗില്‍ രണ്ടാം ടെസ്റ്റ് ഫിഫ്റ്റി തികച്ചു. ഈ പര്യടനത്തിലാണ് ഗില്‍ അരങ്ങേറ്റം കുറിച്ചത്.

എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് ശേഷം ഷോട്ട് പിച്ച് പന്തുകള്‍ തെരഞ്ഞെുപിടിച്ച് ആക്രമിച്ച ഗില്ലിനെ(91) സ്‌പിന്നര്‍ നേഥന്‍ ലിയോണ്‍ തന്ത്രപരമായി പുറത്താക്കി. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ഗില്ലിനെ ഫസ്റ്റ് സ്ലിപ്പില്‍ സ്റ്റീവ് സ്‌മിത്ത് ക്യാച്ചെടുത്ത് പറഞ്ഞയക്കുകയായിരുന്നു. 146 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമുണ്ടായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്‌സില്‍. രണ്ടാം വിക്കറ്റില്‍ ഗില്‍-പൂജാര സഖ്യം 114 റണ്‍സ് ചേര്‍ത്തു. ഈ പരമ്പരയില്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം 259 റണ്‍സായി.

വിക്കറ്റ് കളഞ്ഞുകുളിച്ച് രഹാനെ

ഗില്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ അജിങ്ക്യ രഹാനെ മികച്ച തുടക്കം നേടിയെങ്കിലും ഇന്നിംഗ്‌സ് നീണ്ടില്ല. പാറ്റ് കമ്മിന്‍സിന്‍റെ ഷോട്ട് പിച്ച് പന്തില്‍ ബാറ്റ് വച്ച രഹാനെ പെയ്‌നിന്‍റെ കൈകളിലെത്തി. 22 പന്തില്‍ 24 റണ്‍സാണ് ഇന്ത്യന്‍ നായകന്‍റെ സമ്പാദ്യം. എന്നാല്‍ സ്ഥാനക്കയറ്റം കിട്ടി അഞ്ചാമായി ക്രീസിലെത്തിയ റിഷഭ് പന്ത്, പൂജാരയ്‌ക്കൊപ്പം ഇന്ത്യയെ മുന്നോട്ടു കുതിപ്പിച്ചു. ഇതിനിടെ വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നാഴികക്കല്ല് റിഷഭ് പിന്നിട്ടു.

സാവധാനം കളിച്ച പൂജാര ലബുഷെയ്‌നെ ബൗണ്ടറി കടത്തി 196 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. ലിയോണിന് ടേണ്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇന്ത്യക്ക് 100 റണ്‍സ് വേണമെന്നിരിക്കേ പുത്തന്‍ പന്തെടുത്ത പാറ്റ് കമ്മിന്‍സ് രണ്ടാം പന്തില്‍ ബ്രേക്ക്‌ത്രൂ നല്‍കി. പൂജാര(211 പന്തില്‍ 56) എല്‍ബിയില്‍ കുടുങ്ങി പുറത്ത്. ഇതോടെ ഇന്ത്യ 228-4 എന്ന സ്‌കോറില്‍. 19.4 ഓവറുകളാണ് ഈ സമയം അവശേഷിച്ചിരുന്നത്. അവിടെ നിന്ന് ഗ്രൗണ്ടിന്‍റെ നാലുപാടും അടിയാരംഭിക്കുകയായിരുന്നു സത്യത്തില്‍ റിഷഭ് പന്ത്.

ഒടുവില്‍ പന്താട്ടത്തില്‍ ഇന്ത്യന്‍ ജയം

റിഷഭ് പന്തിനെ സ്റ്റംപ് ചെയ്യാനുള്ള അവസരം നഷ്‌ടമാക്കിയ പെയ്‌ന്‍ കനത്ത വില നല്‍കേണ്ടിവന്നു. റിഷഭ് 100 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അവസാന 15 ഓവറില്‍ 69 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. പാറ്റ് കമ്മിന്‍സ് ഒരിക്കല്‍ കൂടി ഞെട്ടിച്ചപ്പോള്‍ ഇന്ത്യ വിറച്ചു. ഒന്‍പത് റണ്‍സുമായി മായങ്ക് അഗര്‍വാള്‍ വെയ്‌ഡിന്‍റെ കൈകളില്‍. ഇതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തില്‍. ജയിക്കാന്‍ 10 മാത്രം വേണമെന്നിരിക്കേ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് വാഷിംഗ്‌ടണ്‍(22) ബൗള്‍ഡായി. ലിയോണിനായിരുന്നു വിക്കറ്റ്.

ജയത്തിലേക്ക് മൂന്ന് റണ്‍സിന്‍റെ അകലത്തില്‍ ഷാര്‍ദുല്‍ താക്കൂറും(2) വീണതോടെ ഇന്ത്യ ഒന്ന് വിറച്ചു. എന്നാല്‍ തൊട്ടടുത്ത രണ്ടാം പന്തില്‍ ഹേസല്‍വുഡിനെതിരെ ബൗണ്ടറി നേടി പന്ത് ഇന്ത്യക്ക് ചരിത്ര ജയം നേടിക്കൊടുത്തു. പന്തിനൊപ്പം(89*), സൈനി(0*) പുറത്താകാതെ നിന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: