കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു

കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. 61 വയസ്സായിരുന്നു.

കോവിഡ് ബാധിച്ച് തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കുറച്ച് ദിവസങ്ങളായി അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ട് 7.45-ഓടെയായിരുന്നു മരണം

യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന കെ വി വിജയദാസ് ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി എപ്പോ‍ഴും മുന്‍പന്തിയില്‍ നിന്ന പൊതുപ്രവര്‍ത്തകനായിരുന്നു. മികച്ച സഹകാരിയും കര്‍ഷകനുമാണ്. 2011 മുതല്‍ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെവി വിജയദാസ് മണ്ഡലത്തില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എലപ്പുള്ളിയില്‍ കെ വേലായുധന്‍റെയും എ. താതയുടെയും ആറ് മക്കളില്‍ മൂത്ത മകനായി 1959 മെയ് 25ന് ജനനം. യുവജനസംഘംടനയായ കെഎസ് വൈഎഫിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാവുന്നത്. 1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്തുകള്‍ രൂപീകരിച്ചതോടെ 1995ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് പാലക്കാട് ജില്ലാ പഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡന്‍റായി. തുടര്‍ന്നുള്ള അഞ്ച് വര്‍ഷക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റെന്ന നിലയില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. ജില്ലാ പഞ്ചായത്തിന് കീ‍ഴില്‍ മീന്‍വല്ലം ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ചു.

ഏഷ്യയില്‍ തന്നെ ഒരു ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന ആദ്യ ജലവൈദ്യുത പദ്ധതി. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ കോങ്ങാട് മണ്ഡലം രൂപീകരിച്ചപ്പോള്‍ 2011ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 3565 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറി. 2016ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 13271 വോട്ടായി വര്‍ധിപ്പിച്ചത് കെവി വിജയദാസിന്‍റെ ജനകീയ സ്വാധീനത്തിന് തെളിവാണ്. പത്ത് വര്‍ഷക്കാലം കോങ്ങാടിന്‍റെ അടിസ്ഥാന സൗകര്യമേഖലയിലുള്‍പ്പെടെ സമഗ്രമായ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.

തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്‌, പ്രൈമറി കോപ്പറേറ്റീവ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌, എലപ്പുള്ളി സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്‍റ്, സംസ്ഥാന സഹകരണ ബാങ്ക്‌ ഡയറക്ടർ തുടങ്ങിയ ചുമതലകള്‍ വഹിച്ച കെവി വിജയദാസ് മികച്ച സഹകാരിയാണ്. ദീർഘകാലം സിപിഐ എം എലപ്പുള്ളി ലോക്കൽ സെക്രട്ടറിയായിരുന്ന വിജയദാസ് പുതുശേരി, ചിറ്റൂര്‍ ഏരിയ സെക്രട്ടറി ചുമതല വഹിച്ചിരുന്നു.

നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടേറ്റിയറ്റംഗവും കര്‍ഷക സംഘം സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ പ്രസിഡന്‍റുമാണ്. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. മികച്ച കർഷകൻ കൂടിയായ വിജയദാസ് കർഷകരുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ എപ്പോ‍ഴും മുന്‍നിരയിലുണ്ടായിരുന്നു. ജനകീയപ്രശ്നങ്ങളില്‍ ഇടപെട്ട് ,എപ്പോ‍ഴും ജനങ്ങള്‍ക്കിടയില്‍ നിലകൊണ്ട പൊതുപ്രവര്‍ത്തകനെയാണ് കെവി വിജയദാസിന്‍റെ വേര്‍പാടിലൂടെ നാടിന് നഷ്ടമാവുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: