വൻ മുന്നേറ്റമുണ്ടാക്കി എൽഡിഎഫ്; 101 നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷം; യുഡിഎഫിന് വൻ തിരിച്ചടി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി , കോർപറേഷൻ വാർഡ്(ഡിവിഷനുകൾ) എന്നിവിടങ്ങളിൽ ഓരോ മുന്നണിക്കും കിട്ടിയ വോട്ടുകൾ നിയമസഭാ മണ്ഡലങ്ങളിലേതായി കണക്കാക്കുമ്പോൾ എൽഡിഎഫിന് വൻ മുന്നേറ്റം. നിലവിലെ ഫലങ്ങൾ നിയമസഭാ മണ്ഡലങ്ങളിലേതായി കണക്കാക്കിയാൽ 140 ൽ 101 മണ്ഡലങ്ങളിലും എൽഡിഎഫിന് ഭൂരിപക്ഷം.
ഉറച്ച ഉരുക്കുകോട്ടകളായ 38 മണ്ഡലങ്ങൾ യുഡിഎഫിനൊപ്പം നിലയുറപ്പിക്കുമ്പോൾ നേമത്ത് എൻഡിഎ തന്നെയാണ് ശക്തമായി നിൽക്കുന്നത്. മാത്രമല്ല, മഞ്ചേശ്വരം, കാസർകോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ എൻഡിഎ രണ്ടാം സ്ഥാനത്തെത്തിയത് കോൺഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത വെല്ലുവിളിയാവുകയും ചെയ്യും.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 91 ആയിരുന്നുവെന്നതും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് വെറും 16 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയെന്നതും ഈ കണക്കുകളോട് ചേർത്ത് വയ്ക്കേണ്ടതാണ്. ആ നിലയിൽ നിന്ന് 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പായപ്പോൾ ആകെ പോൾ ചെയ്ത വോട്ടിന്റെ 41–42 ശതമാനം വോട്ടും ഇടതുമുന്നണി പെട്ടിയിലാക്കി. യുഡിഎഫ് 37 ശതമാനത്തിലേക്ക് ചുരുങ്ങുകയും എൻഡിഎയുടേത് 14–15 ശതമാനത്തിൽ ഒതുങ്ങുകയും ചെയ്തു.
(കടപ്പാട്: മലയാള മനോരമ ദിനപത്രം)