കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നല്‍കാനെന്ന പേരില്‍ മുടി മുറിച്ച് വഞ്ചിച്ചു പരിപാടി സംഘടിപ്പിച്ചത് സ്‌കൂളുകളിലെ എന്‍ എസ് എസ് യൂനിറ്റുകള്‍

തലശ്ശേരി: മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് വിഗ് നല്‍കാനെന്ന പേരില്‍ വിവിധ സ്‌കൂളുകളില്‍ കേശദാന പരിപാടി നടത്തി വഞ്ചിച്ചതായി ആരോപണം. സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീമും കൂത്തുപറമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റുമാണ് കോടിയേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികളായ സ്ത്രീകള്‍ക്ക് വിഗ് നല്‍കാനെന്ന പേരില്‍ കേശ ദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് വിഗ് നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ തട്ടിപ്പുകള്‍ നടത്തി ലക്ഷക്കണക്കിന് രൂപ കൊള്ളയടിക്കുന്ന സംഘടനകള്‍ വ്യാപകമാകുന്നുണ്ടെന്ന് പരാതി ഉയരുന്ന കാലത്താണ് കേശദാനത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയതായി പരാതി ഉയരുന്നത്.

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീകളായ രോഗികള്‍ക്ക് വിഗ് നിര്‍മിച്ച് നല്‍കുമെന്ന് പറഞ്ഞാണ് വിവിധ സ്‌കൂളുകളില്‍ കേശദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ഒരു സ്‌കൂളില്‍ നടന്ന കേശദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തത് തലശ്ശേരി എ എസ് പി ചൈത്ര തെരേസ ജോണാണ്. ഇത്തരത്തില്‍ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചാണ് വിവിധ സ്‌കൂളുകളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഇത്തരം ക്യാമ്പുകളിലൂടെ നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളാണ് മുടി ദാനം ചെയ്തത്. സ്‌കൂളിലെ നാഷനല്‍ സര്‍വീസ് സ്‌കീം, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മുടിമുറിക്കല്‍ ക്യാമ്പ് നടത്തിയത്. കേരള ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ മാങ്ങാട്ടിടത്തിന്റെയും പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജീവന്‍ ടി വേങ്ങാടിന്റെയും നേതൃത്വത്തിലാണ് കേശദാന ക്യാമ്പ് വ്യാപകമായി സംഘടിപ്പിച്ചത്.

മുടി ദാനം ചെയ്ത വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോട് വിവരം പറയുകയും രക്ഷിതാക്കള്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിലടക്കം അന്വേഷണം നടത്തുകയും ചെയ്തപ്പോഴാണ് ഇന്ന് വരെ കേരള ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ സെന്ററില്‍ വിഗ് എത്തിച്ചിട്ടില്ലെന്ന് വിവരം ലഭിച്ചത്. നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളില്‍ നിന്നും മുറിച്ച മുടി എവിടെയാണ് എത്തിച്ചതെന്നും അത് എന്തുചെയ്തുവെന്നും അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കാനെന്ന പേരില്‍ നേരത്തെ കണ്ണൂരിലും ചില സംഘടനകള്‍ കേശദാന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയുളള കേസില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇത്തരത്തില്‍ മുടി മുറിച്ച് പുരുഷന്മാര്‍ക്കുളള വിഗ് നിര്‍മിച്ച് വന്‍ വിലക്ക് വില്‍പ്പന നടത്തുന്ന സംഘവും വ്യാപകമായി രംഗത്തുണ്ടെന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: