ഹൈക്കോടതി വിധിയെത്തുടർന്നു ജില്ലയിലെ 3 കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നായി പിരിച്ചുവിട്ടതു 152 പേരെ

കണ്ണൂർ∙ ഹൈക്കോടതി വിധിയെത്തുടർന്നു ജില്ലയിലെ 3 കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നായി പിരിച്ചുവിട്ടതു 152 താൽക്കാലിക കണ്ടക്ടർമാരെ. കണ്ണൂർ–56, തലശ്ശേരി–44, പയ്യന്നൂർ–52 എന്നിങ്ങനെയാണ് ഓരോ ഡിപ്പോയിൽ നിന്നും പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരുടെ എണ്ണം. കണ്ടക്ടർമാരുടെ കുറവ് ഉച്ചയ്ക്കു ശേഷമുള്ള സർവീസുകളെ ബാധിച്ചു. 3 ഡിപ്പോകളിൽ നിന്നായി 21 സർവീസുകളാണു റദ്ദാക്കിയത്. ഇന്ന് ഇത് ഇരട്ടിയിലധികമാകുമെന്നു കെഎസ്ആർടിസി അധികൃതർ പറയുന്നു. 70 സർവീസുകളെയെങ്കിലും ബാധിക്കുമെന്നാണു കണക്കാക്കുന്നത്.

ജില്ലയിലെ ഡിപ്പോകളിൽ നിന്നു പ്രതിദിനം 268 സർവീസുകളാണു നടത്തുന്നത്. ആവശ്യത്തിനു ബസുകൾ ഇല്ലാത്തതിനാൽ നാൽപതോളം സർവീസുകൾ മിക്ക ദിവസങ്ങളിലും റദ്ദാക്കുന്നുണ്ട്. ഇതിനു പുറമേ കണ്ടക്ടർമാരുടെ കുറവു മൂലം സർവീസുകൾ റദ്ദാക്കുന്നതോടെ  യാത്രാക്ലേശം രൂക്ഷമാകും. സർവീസുകൾ പരമാവധി മുടങ്ങാതിരിക്കാൻ സ്ഥിരം ജീവനക്കാർ അവധിയെടുക്കുന്നതു നിയന്ത്രിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്.

സർവീസ് മുടങ്ങാത്ത രീതിയിൽ അവധി ക്രമീകരിക്കാനും നിർദേശമുണ്ട്. എന്നാൽ 112 സർവീസുകൾ ഉള്ള കണ്ണൂർ ഡിപ്പോയിൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തിയാലും 80 സർവീസുകളേ നടത്താനാകു. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് 90 സർവീസുകളും തലശ്ശേരിയിൽ നിന്ന് 66 സർവീസുകളുമാണ് പ്രതിദിനം നടത്തുന്നത്. ഇതും വെട്ടിക്കുറയ്ക്കേണ്ടിവരും.

ഇന്നലെ ഉച്ചയ്ക്കു ശേഷം എംപാനൽ കണ്ടക്ടർമാരുടെ സേവനം ഉപയോഗിക്കേണ്ടെന്നായിരുന്നു ഡിപ്പോകൾക്കു ലഭിച്ച നിർദേശം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: