കെ.എസ്.ആർ.ടി.സിയിലെ താത്കാലിക കണ്ടക്ടർമാരെ പുറത്താക്കിയതോടെ സർവീസുകൾ താളം തെറ്റി

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിലെ താത്കാലിക കണ്ടക്ടർമാരെ പുറത്താക്കിയതോടെ സർവീസുകൾ താളം തെറ്റി. ഏറ്റവും കൂടുതൽ ബാധിച്ചത് മലബാർ മേഖലയിലാണ്. എം പാനൽ ജീവനക്കാരുടെ ജോലിയിൽ അനുകൂല വിധിയുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിലും പ്രതിസന്ധി രൂക്ഷമാകും.

തിങ്കളാഴ്ച ഉച്ചയോടെ ഡ്യൂട്ടി അവസാനിപ്പിച്ച് താത്കാലിക കണ്ടക്ടർമാർ മടങ്ങിയതോടെ സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി സർവീസുകൾ താളം തെറ്റി. ഡ്യൂട്ടി അവസാനിപ്പിച്ച് പോയ സ്ഥിര ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പല സർവീസുകളും നടത്തിയത്. എന്നിട്ടും സംസ്ഥാനത്ത് 800 സർവീസുകൾ റദ്ദാക്കേണ്ടി വന്നു. കൂടുതലും മലബാർ മേഖലയിലാണ്. മൂവാറ്റുപുഴ 30,ആലുവ 21, കൽപറ്റ-15, പറവൂർ – 15, കുമളി-28, കണ്ണൂർ – 18 എന്നിങ്ങനെ ലിസ്റ്റ് നീളും. വരും ദിവസങ്ങളിലും മലബാർ മേഖലയെ തന്നെയാകും കൂടുതൽ ബാധിക്കുക.

പരമാവധി ബസുകൾ റദ്ദാക്കാതിരിക്കാൻ അവധിയിലായിരുന്ന സ്ഥിരം കണ്ടക്ടർമാരെ വിളിച്ചു വരുത്തിയിട്ടുണ്ട്. വടക്കൻ,മലബാർ മേഖലകളിലേക്ക് തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് കണ്ടക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ കടുത്ത പ്രതിഷേധ നടപടികളിലേക്ക് എം പാനലുകാർ കടക്കുകയാണ്. ബുധനാഴ്ച ആലപ്പുഴയിൽ നിന്ന് ലോംഗ് മാർച്ച് ആരംഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: