കണ്ണൂരിൽ അതിവേഗ കോടതി ഡിസംബർ ഒന്നുമുതൽ

കണ്ണൂർ : കണ്ണൂരിലെ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ഡിസംബർ ഒന്നുമുതൽ പ്രവർത്തിക്കും. പോക്സോ കേസുകളും ബലാത്സംഗ കേസുകളുമാണ് പ്രത്യേക കോടതിയിൽ വിചാരണയ്ക്കെടുക്കുക.
ഡിസംബർ ഒന്നിന് കോടതി പ്രവർത്തനം ആരംഭിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരുക്കങ്ങൾ പൂർത്തിയാക്കാൻ തലശ്ശേരി ജില്ലാ ജഡ്ജിക്ക് നിർദേശം നൽകി. കണ്ണൂരിലെ ജഡ്ജി, പ്രോസിക്യൂട്ടർ നിയമനം വൈകാതെ നടക്കും. നിലവിൽ തലശ്ശേരിയിലും തളിപ്പറമ്പിലുമാണ് ജില്ലയിലെ അതിവേഗ സ്പെഷ്യൽ കോടതി പ്രവർത്തിക്കുന്നത്.
കണ്ണൂരിൽ ആരംഭിക്കുന്ന കോടതിയിൽ ഫയലിങ് ഉണ്ടാകില്ല. തലശ്ശേരിയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും കേസുകൾ ഫയലിൽ സ്വീകരിക്കുക. പിന്നീട് അധികാരപരിധി നോക്കി കേസ് കണ്ണൂരിലേക്ക് കൈമാറും. അതിവേഗ കോടതി മാസം 15 കേസുകളിലെങ്കിലും വിധി പറയണമെന്ന് നിർദേശമുണ്ട്.
പോക്സോ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് 28 ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതികൾക്ക് അനുമതി ലഭിച്ചിരുന്നു. അതിൽ ഉൾപ്പെട്ടതാണ് കണ്ണൂരിലെ കോടതി. കുടുംബകോടതി പ്രവർത്തിക്കുന്ന ബാർ അസോസിയേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രവർത്തിക്കുക.
ലൈംഗികാതിക്രമത്തെ അതിജീവിച്ച കുട്ടികളുടെ കേസുകളിൽ വിചാരണ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഒരുവർഷത്തിനകം പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിർദേശം. കേസുകൾ കൂടുമ്പോഴും അതിനനുസരിച്ച് കോടതികൾ ഇല്ലാത്ത സ്ഥിതിയാണ്. നിലവിൽ മിക്ക ജില്ലകളിലും രണ്ട് ഫാസ്റ്റ് ട്രാക്ക് കോടതികളാണുള്ളത്.