നാവിക അക്കാദമിയിലെ കരാര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്


പയ്യന്നൂര്‍: രണ്ടു വര്‍ഷമായി പുതുക്കാതെ തുടരുന്ന വേതനത്തില്‍ വര്‍ദ്ധനവ് വരുത്തണമെന്നാവശ്യപ്പെട്ട് 24ന് ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് സമരത്തിന്റെ മുന്നോടിയായി ഏഴിമല നാവിക അക്കാദമിയിലെ കരാര്‍ തൊഴിലാളികള്‍ പ്രതിഷേധ ദിനാചരണം നടത്തി.

സതേണ്‍ നേവല്‍ കമാന്റ് കോണ്‍ട്രാക്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഏഴിമല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അക്കാദമിയുടെ പയ്യന്നൂര്‍ ഗേറ്റ് പരിസരത്ത് ഇന്നുരാവിലെ നടത്തിയ പ്രതിഷേധ പരിപാടി സിഐടിയു ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്് വി.പ്രമോദ് അദ്ധ്യക്ഷനായി.സെക്രട്ടറി ടി.ഗോവിന്ദന്‍, ഒ.കെ.ശശി, കെ.പി.വി.രാഘവന്‍, പി.വി.രാഘവന്‍, പി.വി. സുജാത, കെ.രജിത, പി.നിഷ തുടങ്ങിയവര്‍ സംസാരിച്ചു.

കൂലിവര്‍ദ്ധനവ് ആവശ്യപ്പെട്ട് നേരത്തെ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കമ്പനി മാനേജ്‌മെന്റുമായി രണ്ടു തവണ ചര്‍ച്ചയും നടത്തി. എന്നിട്ടും തൊഴിലാളികളുടെ പ്രശ്‌നത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെതിരെയാണ് 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക് സംഘടിപ്പിക്കുന്നത്.446 തൊഴിലാളികളെയാണ് അക്കാദമിക്കകത്തെ വിവിധ ജോലികള്‍ക്കായി കരാര്‍ കമ്പനിക്കാര്‍ നിയോഗിച്ചിട്ടുള്ളത്.കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രാജ്യരക്ഷാ പ്രാധാന്യമുള്ള സ്ഥാപനമായിട്ടും തൊഴിലാളികളുടെ പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്.ഇതിനെല്ലാമെതിരെ 24ന് തുടങ്ങുന്ന ശക്തമായ പ്രക്ഷോഭ പരിപാടികളുടെ മുന്നോടിയായാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: