കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയങ്ങൾ ജനങ്ങളുടെ മേൽ ഇടിത്തീയായി മാറി;സതീശൻ പാച്ചേനി

കണ്ണൂർ: കോവിഡ് ദുരന്തങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കപ്പെടാതിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇന്ധന നികുതിയിലൂടെ ജനങ്ങളെ പിഴിയുന്നത് മൂലം സർക്കാറുകളുടെ നയങ്ങൾ ജനങ്ങളുടെമേൽ ഇടിത്തീയായി പതിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി പറഞ്ഞു.

പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവ് കുറക്കുക. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട് എഫ്.സി.ഐയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.

ലോകത്തെ വിവിധ രാജ്യങ്ങളുടെ വിശപ്പ് സൂചികയിൽ, മോദി ഭരണത്തിൽ വന്നതിന് ശേഷം നൂറ്റൊന്നാം സ്ഥാനത്താണ് നമ്മുടെ രാജ്യം എത്തി നില്ക്കുന്നത്.
രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലകൾ ഉൾപ്പെടെ വാണം പോലെ കുതിച്ചുയരുമ്പോൾ ഭരണാധികാരികൾ ഉച്ചമയക്കത്തിൽ ആണെന്നും ലിറ്ററിന് 50 രൂപക്ക് പെട്രോൾ കിട്ടുമെന്ന് പറഞ്ഞവർ പെട്രോളിന് 200 രൂപ ആയാൽ ബൈക്കിൽ മൂന്ന് പേരെ കയറ്റാം എന്ന് പറയുന്ന അവസ്ഥയിലാണെന്നും പാച്ചേനി പറഞ്ഞു.

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തെ നേരിടുന്ന അവസ്ഥയിലാണെന്നും പണപ്പെരുപ്പ നിരക്ക് പരിധിവിടുന്നത് വിലക്കയറ്റത്തിന്റെയും സാമ്പത്തിക തകർച്ചയുടെയും സൂചനയാണെന്ന മിനിമം ധാരണ ഭരണാധികാരികൾക്ക് ഉണ്ടാകണമെന്നും, മോദി – പിണറായി സർക്കാറുകളുടെ നയങ്ങളുടെ പോരായ്മ മൂലം സമ്പദ്ഘടനയെ നിയന്ത്രിക്കാൻ ആവുന്നില്ലെങ്കിൽ രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയുമായിരിക്കും ഫലമെന്നും രാജ്യത്തെ സാമ്പത്തിക തകർച്ച അതാണ് സൂചിപ്പിക്കുന്നതെന്നും സതീശൻ പാച്ചേനി പറഞ്ഞു.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുതുക്കുടി ശ്രീധരൻ അധ്യക്ഷത വഹിച്ചു.

നേതാക്കളായ ഡി.സി.സി ജനറൽ സെക്രട്ടറി കണ്ടോത്ത് ഗോപി, രാജീവൻ പാനുണ്ട, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമവല്ലി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷനോജ് പാലേരി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: