ആരോഗ്യമന്ത്രി ഇന്ന്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ സന്ദർശിക്കും

പരിയാരം: ആരോഗ്യമന്ത്രി വീണാ ജോർജ്‌ വ്യാഴാഴ്‌ച കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തും. മന്ത്രിയായശേഷം ആദ്യമായാണ്‌  മെഡിക്കൽ കോളേജ്‌ സന്ദർശിക്കുന്നത്‌. പുതിയ കാത്ത്‌ ലാബ്,  എച്ച്ഡിഎസ് ഫാർമസി, എച്ച്‌ഐവി പോസിറ്റീവ് രോഗികൾക്കുള്ള എആർടി ക്ലിനിക്ക്‌ എന്നിവയുടെ ഉദ്ഘാടനം വൈകിട്ട് നാലിന്‌ മന്ത്രി നിർവഹിക്കും. അഞ്ചരക്കോടി രൂപയുടേതാണ്‌  ആധുനിക രീതിയിലുള്ള കാത്ത്‌ലാബ്. മെഡിക്കൽ കോളേജിലെ  മൂന്നാമത്തെ കാത്ത്‌ലാബാണിത്‌. സംസ്ഥാനത്ത്  ഹൃദയചികിത്സക്ക് ഏറ്റവും കൂടുതലാളുകളെത്തുന്നത്‌ ഇവിടെയാണ്‌. എച്ച്ഡിഎസ് ഫാർമസി  രോഗികൾക്ക്‌ വലിയ ആശ്വാസമാകും. ആശുപത്രി വികസന സൊസൈറ്റിയുടെ ന്യായവില ഷോപ്പിൽനിന്ന് മാർക്കറ്റിൽ  ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്‌ക്ക്‌  മരുന്നുകൾ ലഭ്യമാകും. കാഷ്വാലിറ്റിക്ക് സമീപത്താണ് ഫാർമസി.  എആർടി സെന്ററുകൾ  ഇല്ലാത്തത് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. അതും പരിഹരിക്കപ്പെടുകയാണ്‌. ആധുനികരീതിയിലുള്ള പരിശോധനാകേന്ദ്രവും ചികിത്സാസൗകര്യങ്ങളുമാണ് ആശുപത്രിയുടെ നാലാം നിലയിൽ ഒരുക്കിയിട്ടുള്ളത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ രോഗികൾക്ക് ഏറെ പ്രയോജനപ്പെടും. ആശുപത്രിയുടെ അറ്റകുറ്റപ്പണികൾക്ക് അനുവദിച്ച 32 കോടി രൂപക്കുള്ള   ടെൻഡർ നടപടി പൂർത്തിയായി. ജനുവരിയിൽ പ്രവൃത്തി തുടങ്ങും. 58 കോടിയുടെ  ആധുനിക ട്രോമാകെയറിന്റെ  പ്രവൃത്തിയും ഉടൻ തുടങ്ങും. മുൻ എംഎൽഎമാരായ ടി വി രാജേഷ്, കെ സി ജോസഫ് എന്നിവർ അനുവദിച്ച ആംബുലൻസുകളും ഉടൻ ഓടിത്തുടങ്ങും. അതിഥിത്തൊഴിലാളികൾക്കായി തുടങ്ങിയ ഏഴ് കിടക്കകളുള്ള ഐസി യൂണിറ്റും പ്രവർത്തനക്ഷമമായിട്ടുണ്ട്. ഖേലോ ഇന്ത്യയുടെ എട്ടുകോടി രൂപയുടെ സിന്തറ്റിക് ട്രാക്കിന്റെ പണിയും പുരോഗമിക്കുകയാണ്‌. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചേക്കും. എംബിബിഎസ്‌ സീറ്റ്‌ കൂട്ടുന്ന കാര്യത്തിൽ തീരുമാനമുണ്ടാവും. ദന്തൽ കോളേജ് പ്രത്യേക ബ്ലോക്കാക്കി  മെഡിക്കൽ കോളേജിന്റെ  സൗകര്യം വർധിപ്പിക്കണമെന്ന്‌ ആവശ്യമുയർന്നിട്ടുണ്ട്‌. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: