മഴ തുടരുന്നു: ഇടുക്കി അണക്കെട്ട് നാളെ രാവിലെ 11 ന് തുറക്കും; ജാഗ്രതാ നിര്‍ദേശം

0

നാളെ ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. നാളെ 11 മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി ഡാമില്‍ ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള മുന്നറിയിപ്പ് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം പത്തനംതിട്ടയിലെ രണ്ട് ഡാമുകൾക്ക് കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പമ്പ , മൂഴിയാർ ഡാമുകളാണ് റെഡ് അലേർട്ടിലെത്തിയത്. കൂടാതെ ചിമ്മിനി ഡാമിൻ്റെ കൂടുതൽ ഷട്ടറുകൾ ഉയർത്താനും സാധ്യതയുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ 2 ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറു മണിക്ക് 2 ഷട്ടറുകള്‍ 80 സെ.മീ വീതമാണ് തുറക്കുക. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

അതേസമയം ഇടുക്കിയില്‍ വീണ്ടും മഴ കനത്തു. ചെറുതോണിയിലും ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. ഡാമിലെ ജലനിരപ്പ് 2397.28 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടി.

പെരിയാറിന്‍റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കക്കി ഡാമില്‍ നിന്നുള്ള ജലം പമ്പ-ത്രിവേണിയിലെത്തി. രാവിലെ 11.15ഓടെയാണ് ഡാം തുറന്നത്. വരും മണിക്കൂറുകളില്‍ പത്തനംതിട്ടയിലെ കുറുമ്പന്‍മൂഴി, വടശേരിക്കര, പെരുന്നാട് തുടങ്ങി സ്ഥലങ്ങളിലും വെള്ളം എത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading