എന്റെ മകന്റെ ഇന്റര്‍വ്യൂന് ഞാന്‍ അല്ലാതെ വേറെ ആര് പോണം: ജലീലിനെ പരിഹസിച്ച്‌ ചെന്നിത്തല

രമിത്ത് ചെന്നിത്തലയുടെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ഉന്നത വിജയം ലഭിച്ചതിനെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി കെ.ടി ജലീലിന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്. എന്റെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210ാം റാങ്ക് കിട്ടിയതിന്റെ വിഷമം കൊണ്ടായിരിക്കാം ജലീല്‍ അങ്ങനെ പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘മകന്റെ അഭിമുഖം നടക്കുന്ന ദിവസം ഞാന്‍ ഡല്‍ഹിയില്‍ ഉണ്ടായെന്ന് പറയുന്നു. തന്റെ മകന്റെ ഇന്റര്‍വ്യൂന് ഞാന്‍ അല്ലാതെ വേറെ ഒരാളാണോ പോകുക. എന്റെ മകന് അഭിമുഖത്തിന് പോകാന്‍ വേറെ അച്ഛനെ കൊണ്ടുകോടുക്കണോ’ എന്നും ചെന്നിത്തല ചോദിച്ചു. കോന്നിയില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നലെ കാസര്‍കോട്ട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി ജലീല്‍ ആരോപണം ഉന്നയിച്ചത്. സിവില്‍ സര്‍വീസ് എഴുത്തു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അനുദീപ് ഷെട്ടിയെക്കാള്‍ 30 മാര്‍ക്ക് അഭിമുഖ പരീക്ഷയില്‍ പ്രമുഖ നേതാവിന്റെ മകനു കിട്ടി. ഇതിനായി ഡല്‍ഹിയില്‍ ‘ലോബിയിംഗ്’ നടത്തിയവര്‍ തങ്ങളെപ്പോലെയാണ് മറ്റുള്ളവരുമെന്നു കരുതിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെടണം. പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിറുത്താന്‍ നടപടി വേണമെന്നുമാണ് ജലീല്‍ ആവശ്യപ്പെട്ടത്.

അതേസമയം, എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം മന്ത്രി കെ.ടി ജലീലിന്റെ അറിവോടെയാണെന്നും ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മാര്‍ക്ക് ദാനത്തിലൂടെ തോറ്റ കുട്ടികളെ മുഴുവന്‍ ജയിപ്പിക്കുന്ന അസാധാരണമായ നടപടിയാണ് എം.ജിയില്‍ നടന്നതെന്നും ഇതാണോ മോഡറേഷന്‍ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാവും, ഇതാണോ മോഡറേഷന്‍. ഇങ്ങനെയുള്ള നിലപാടാണെങ്കില്‍ എന്തിനാണ് പരീക്ഷ നടത്തുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: