വിസിറ്റ് പുതുക്കാൻ രാജ്യം വിടേണ്ട; വിസാ നിയമം പരിഷ്‌കരിച്ച് യു.എ.ഇ

അബുദാബി- ടൂറിസ്റ്റ്, വിസിറ്റ് വിസകൾ രാജ്യം വിടാതെ തന്നെ പുതുക്കുന്നതിന് അവസരം നൽകി യു.എ.ഇയിൽ വിസാ നിയമം പരിഷ്‌കരിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് ഇന്നലെ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഇതുവരെ, രാജ്യത്ത് തൊഴിൽ അന്വേഷിച്ച് വിസിറ്റ് വിസയിൽ ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വിസ പുതുക്കാൻ നാട്ടിലേക്കോ അല്ലെങ്കിൽ സമീപ രാജ്യങ്ങളിലേക്കോ പോകുന്ന സ്ഥിതിവിശേഷമാണുണ്ടായിരുന്നത്. പരിഷ്‌കരിച്ച നിയമം ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല. കൂടാതെ, 18 വയസ്സ് പിന്നിട്ട വിദ്യാർഥികൾക്കും ആശ്രിതർക്കും ഒരു വർഷ കാലാവധിയുള്ള വിസ അനുവദിക്കുന്നതിനും തീരുമാനമായി. ഇവർക്ക് ഒരു വർഷത്തേക്ക് കൂടി വിസ പുതുക്കാനുള്ള അവസരം പുതിയ വിസാ നിയമം അനുവാദം നൽകുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം.

വിധവകൾക്കും വിവാഹമോചനം ചെയ്യപ്പെട്ട വനിതകൾക്കും അവരുടെ കുട്ടികൾക്കും സ്‌പോൺസറില്ലാതെ ഒരു വർഷത്തേക്ക് താമസ കാലാവധി ദീർഘിപ്പിക്കുമെന്നും പരിഷ്‌കരിച്ച വിസാ നിയമം വ്യക്തമാക്കുന്നു. ഭർത്താവിന്റെ സ്‌പോൺസർഷിപ്പിൽ കഴിയുന്ന സ്ത്രീകൾക്കും ആശ്രിതർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഫോറിൻ അഫയേഴ്‌സ് ആന്റ് പോർട്ട്‌സ് അതോറിറ്റി ആക്ടിംഗ് മേധാവി ബ്രിഗേഡിയർ സഈദ് റാകാൻ അൽ റഷ്ദി പറഞ്ഞു.

വിവാഹ മോചനമോ ഭർത്താവിന്റെ മരണമോ സംഭവിച്ച ദിവസം മുതൽ ഒരു വർഷത്തേക്കാണ് റസിഡൻസ് പെർമിറ്റിൽ കാലാവധി നീട്ടി നൽകിയത്. നിയമം ഉടൻ പ്രാബല്യത്തിൽ വരും. വിസാ കാലാവധി ദീർഘിപ്പിക്കാനുള്ള അപേക്ഷയോടൊപ്പം മരണ/ വിവാഹമോചന സർട്ടിഫിക്കറ്റ്, താമസ കരാർ, കുട്ടികളുടെയും തങ്ങളുടെയും ആരോഗ്യ സർട്ടിഫിക്കറ്റ്, ഐ.ഡി കാർഡ്, ഇൻഷുറൻസ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: