കതിരൂരില്‍ ഇ-മുറ്റം അന്തിമഘട്ടത്തില്‍

0

സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സാക്ഷരതാമിഷനും കൈറ്റ് കേരളയും ചേര്‍ന്ന് കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി അന്തിമഘട്ടത്തില്‍. ഇ-സാക്ഷരത ഇല്ലാത്ത രണ്ടായിരത്തില്‍പ്പരം ആളുകളുടെ പഠനം പൂര്‍ത്തിയായി. സെപ്റ്റംബർ  അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കും. ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമികമായി അവബോധം വളര്‍ത്തി ഇന്റര്‍നെറ്റ് സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചിരുന്നു.
വായനശാലകള്‍, അങ്കണവാടികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശീലനം ലഭിച്ച ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നല്‍കിവരികയാണ്. പഞ്ചായത്തിലെ 219 അയല്‍ക്കൂട്ടങ്ങളിലും ഇ-മുറ്റം ക്ലാസുകള്‍ നടന്നുവരുന്നുണ്ട്. കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും ചുണ്ടങ്ങാപ്പൊയില്‍ സ്‌കൂളിലെയും എന്‍ എസ് എസ് വളണ്ടിയർമാർക്ക്  പരിശീലനം നല്‍കി പഞ്ചായത്തിലെ എല്ലാകുട്ടികളുടെയും മാതാപിതാക്കളെ ഇ-സാക്ഷരരാക്കാനുള്ള പരിശീലനവും ഇതിനോടൊപ്പം നടക്കുന്നുണ്ട്.
തുടര്‍ പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തില്‍ പ്രസിഡണ്ട് പി പി സനില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് സനില പി രാജ് അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജൂജോണ്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പഞ്ചായത്തംഗങ്ങളായ ഷാജി, സുധീഷ്, ഭാസ്‌ക്കരന്‍, കെ ശോസ്‌ന, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സംഗീത എന്നിവര്‍ സംസാരിച്ചു. പദ്ധതി പൂര്‍ത്തിയാകുന്ന മുറക്ക് കൈറ്റ് കേരളയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഇ-വാലുവേഷനും നടത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: