ദുബെെയിലെ എയർ ഇന്ത്യാ എക്സ്പ്രസ് സർവീസുകൾ 15 ദിവസത്തേക്ക് നിർത്തി വയ്ക്കാൻ ഉത്തരവ്

6 / 100


കോവിഡ് രോഗിയെ യാത്രചെയ്യാൻ അനുവദിച്ചതിന്റെ പേരിൽ, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ വിലക്ക്. ഗുരുതര പിഴവ് ആവർത്തിച്ചതിനെ തുടർന്നാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി 15 ദിവസത്തെ താൽക്കാലിക വിലക്കേർപ്പെടുത്തിയത്. വിലക്കിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഷാർജയിലേക്ക് പുനഃക്രമീകരിച്ചു.

കോവിഡ് പോസിറ്റീവായ യാത്രക്കാരെ രണ്ടുതവണ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഇന്ത്യയിൽ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എയർ എക്സ്പ്രസ് അധികൃതർക്ക് നോട്ടിസ് അയച്ചത്. ഇന്നു മുതൽ ഒക്ടോബർ രണ്ടുവരെ 15 ദിവസത്തേക്കാണ് വിലക്ക്. ഈ മാസം നാലിന് ജയ്പൂരിൽ നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരൻ കോവിഡ് പൊസിറ്റീവ് റിസൾട്ടുമായാണ് യാത്ര ചെയ്തത്.

യാത്രക്കാരന്റെ പേരും പാസ്പോർട്ട് നമ്പരും സീറ്റ് നമ്പരുമടക്കം വ്യക്തമാക്കിയാണ് എയർ ഇന്ത്യ എക്സ്പ്രസ് റീജണൽ മാനേജർക്ക് നോട്ടിസ് അയച്ചത്. മുൻപ് സമാന സംഭവമുണ്ടായപ്പോൾ ദുബായ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. രോഗിയുടേയും ഒപ്പം യാത്ര ചെയ്തവരുടേയും ചികിൽസാ, ക്വാറൻറീൻ ചെലവുകൾ എയർലൈൻ വഹിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. രോഗിക്കൊപ്പം യാത്ര ചെയ്തവർക്കും കോവിഡ് പോസിറ്റീവായതായാണ് റിപ്പോർട്ട്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് കൈമാറണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. അതേസമയം, ദുബായിൽ നിന്ന് കേരളത്തിലേക്കടക്കമുള്ള എയർഇന്ത്യഎക്സ്പ്രസ് വിമാനങ്ങൾ ഷാർജ വിമാനത്താവളം വഴി പുനഃക്രമീകരിച്ചു തുടങ്ങി. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ അധികൃതരുമായി ബന്ധപ്പെട്ട് യാത്രാവിവരങ്ങൾ തേടാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: