തിരുവോണം ബമ്പർ 2022: ടിക്കറ്റ് വിൽപ്പനക്ക് ജില്ലയിൽ തുടക്കം

സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള തിരുവോണം ബമ്പർ 2022 ഭാഗ്യക്കുറി ടിക്കറ്റ് വിൽപ്പനയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. ചരിത്രത്തിലാദ്യമായി ഈ വർഷം 25 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭാഗ്യക്കുറി സമ്മാന തുകയാണിത്. ഫ്ളൂറസന്റ് മഷിയിൽ ഇറങ്ങുന്ന ആദ്യ ഭാഗ്യക്കുറി എന്ന പ്രത്യേകതയും ഇക്കുറിയത്തെ തിരുവോണം ബമ്പറിനുണ്ട്. ടിഎ, ടിബി, ടിസി, ടിഡി, ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎൽ എന്നിങ്ങനെ 10 സീരിസുകളായാണ് ടിക്കറ്റ് വിപണിയിലെത്തുക. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഇവയ്ക്ക് പുറമെ 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളും ഇത്തവണ ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില ഉയർത്തിയതോടെ ഒരു ടിക്കറ്റ് വിൽക്കുമ്പോൾ 95.5 രൂപ ഏജന്റുമാർക്ക് കമ്മീഷനായി ലഭിക്കും. കഴിഞ്ഞ വർഷം ജില്ലയിൽ 3,29,700 ടിക്കറ്റുകളാണ് വിറ്റത്. ഈ വർഷം നാല് ലക്ഷം ടിക്കറ്റുകൾ വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ്.
കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം സി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ ഹരീഷ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ എ യു ബാലകൃഷ്ണൻ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ സി എം ബീന, ജൂനിയർ സൂപ്രണ്ട് പി കെ ദീപീഷ് കുമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു.