കാട്ടിലേക്ക് തുരത്തുന്നതിനിടെ കാട്ടാന തിരിഞ്ഞോടി മൂന്ന് വനപാലകർക്ക് പരിക്ക്

0

ഇരിട്ടി: ആറളം ഫാമിൽ കാട്ടിലേക്ക് തുരത്തുന്നതിനിടെ കാട്ടാന തിരിച്ചോടിയതിനെത്തുടർന്ന് മൂന്ന് വനം വകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. വനപാലകർക്കു നേരെ കുതിച്ചെത്തിയ ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ വേരിലും മറ്റും തട്ടി വീണാണ് പരിക്കേറ്റത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷിജിൽ, വാച്ചർമാരായ രാജേന്ദ്രൻ, സി. അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച്ച ഉച്ചയോടെ ഫാം പുനരധിവാസ മേഖലയിലെ 12-ാം ബ്ലോക്കിൽ വെച്ചായിരുന്നു സംഭവം. കൊട്ടിയൂർ റെയ്ഞ്ചർ സുധീർ നരോത്തിന്റെ നേതൃത്വത്തിൽ അറുപതോളം പേർ അടങ്ങുന്ന വനപാലകസംഘം ശനിയാഴ്ച മുതൽ ഫാമിന്റെ വിവിധ മേഖലകളിൽ തമ്പടിച്ച കാട്ടാനകളെ തുരത്തി കാട്ടിലേക്ക് വിടാനുള്ള പരിശ്രമം നടത്തിയതി വരികയായിരുന്നു. രാവിലെ ഒരു മോഴയാനയെ കണ്ടെത്തി വനത്തിലേക്ക് കയറ്റി വിട്ടിരുന്നു. ഇതിനു ശേഷം കണ്ടെത്തിയ മറ്റൊരാനയെ തുരത്തുന്നതിനിടെയായിരുന്നു ആന വനപാലകർക്കു നേരെ തിരിഞ്ഞത്. വനത്തിന് സമാനമായി വളർന്ന കാടുമൂടികിടക്കുന്ന പ്രദേശത്തു നിന്നും ആനയെത്തുരത്തി വനമേഖലയോടടുത്ത താളിപ്പാറക്ക് സമീപം എത്തിയപ്പോൾ ആന തിരിച്ചോടുകയായിരുന്നു. ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി വനപാലകർ തിരിഞ്ഞോടുന്നതിനിടയിൽ പലരും വീണു. ഇവരിൽ മൂന്നുപേർക്കാണ് പരിക്കേറ്റത്. പരിക്കുകൾ നിസ്സാരമാണെങ്കിലും തലനാരിഴക്ക് എല്ലാവരും രക്ഷപ്പെടുകയായിരുന്നു. ശക്തമായ മഴയും വളർന്നു നിൽക്കുന്ന കാടുകളും തുരത്തൽ ദൗത്യത്തിന് അപകടകരമായ വിധം പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിലും ദൗത്യം തുടരാൻ തന്നെയാണ് തീരുമാനം.

ഇതിനിടെ ശനിയാഴ്ച അർദ്ധരാത്രിയോടെ പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്കിൽ ഇറങ്ങിയ കാട്ടാന ഇവിടുത്തെ താമസക്കാരായ സുകു – മല്ലിക ദമ്പതികളുടെ തെങ്ങുകളും ആട്ടിൻകൂടും തകർത്തു. ഇവരുടെ എട്ടു വർഷത്തോളം പ്രായമായ ഏഴോളം തെങ്ങുകളാണ് ആന നശിപ്പിച്ചത്. നബാർഡ് സ്വയം തൊഴിൽ പദ്ധതി പ്രകാരം ലഭിച്ച ആടുകൾക്കായി വീടിനോട് ചേർന്ന് നിർമ്മിച്ച ആട്ടിൻ കൂട് തകർക്കുകയും ചെയ്തു. അഞ്ചോളം ആടുകളാണ് കൂട്ടിൽ ഉണ്ടായിരുന്നത്. ഇവക്ക് പരിക്കേൽക്കുകയും ചെയ്തു. തൊട്ടടുത്ത് താമസക്കാരനായ കുഞ്ഞിരാമൻ – ലളിത ദമ്പതികളുടെ വീട്ടുപറമ്പിലെ തെങ്ങുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫാം പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിലെ താമസക്കാനായ പുതുശ്ശേരി ദാമുവിനെ കാട്ടാന ചവിട്ടിക്കൊന്നത്. ഇതിനുശേഷം പ്രദേശവാസികളിൽ നിന്നും ഉണ്ടായ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഫാമിൽ തമ്പടിച്ചു കിടക്കുന്ന ആനകളെ തുരത്തി കാട്ടിലേക്ക് വിടാനുള്ള ശ്രമം വനപാലകരുടെ ഭാഗത്തു നിന്നും തുടരുന്നതിനിടെയാണ് വീണ്ടും വീണ്ടും ജനവാസ മേഖലയിൽ ആനകളിറങ്ങി നാശം വിതച്ചു കൊണ്ടിരിക്കുന്നത്. ഇത് പുനരധിവാസ മേഖലയിലെ ജനങ്ങളെ മുഴുവൻ ഭീതിയിലാക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading