കുടിവെള്ളവിതരണം പതിവായി മുടങ്ങുന്നു

കല്യാശ്ശേരി: പാപ്പിനിശ്ശേരി, കല്യാശ്ശേരി, ചെറുകുന്ന് തുടങ്ങിയ മേഖലകളിൽ ജപ്പാൻ കുടിവെള്ള വിതരണം പലപ്പോഴും മുടങ്ങുന്നു. കഴിഞ്ഞയാഴ്ച അഞ്ച് ദിവസം കുടിവെള്ളവിതരണം തടസ്സപ്പെട്ടിരുന്നു. പിന്നീട് രണ്ട് ദിവസം ഭാഗികമായി കുടിവെള്ളം ലഭിച്ചു. വീണ്ടും മൂന്ന് ദിവസം നിലച്ചു. ഞായറാഴ്ച വൈകീട്ട് മുതൽ വിതരണം തുടങ്ങി.
ചിറക്കൽ പഞ്ചായത്തിലും കോർപ്പറേഷന്റെ ചില പ്രദേശങ്ങളിലും കുടിവെള്ളവിതരണം ദിവസങ്ങളോളം നിലച്ചു. ശക്തമായ മഴയെ തുടർന്ന് പഴശ്ശി പ്രോജക്ടിലെ ഷട്ടർ തുറക്കുന്നവേളയിൽ ക്രമാതീതമായി ചെളി വന്ന് നിറയുന്നതിനാൽ പമ്പിങ് നടത്താൻ കഴിയാത്തതിനാലാണ് കുടിവെള്ളവിതരണം നടക്കാത്തതെന്നാണ് കല്യാശ്ശേരിയിലെയും കണ്ണൂരിലെയും ചുമതലപ്പെട്ട എൻജിനിയർമാർ പറയുന്നത്.