റോഡുപണി പാതിവഴിയിൽ നിർത്തി കരാറുകാരൻ മുങ്ങിയതായി നാട്ടുകാർ; കരിവെള്ളൂർ കുണിയനിൽ യാത്രക്കാർ ദുരിതത്തിൽ

കരിവെള്ളൂർ : റോഡുപണിയുടെ കരാറുകാരൻ പാതിവഴിയിൽ പണി നിർത്തി മുങ്ങിയതോടെ കുണിയൻ പടിഞ്ഞാറേക്കര റോഡിലൂടെയുള്ള യാത്ര ദുരിതയാത്ര ആയെന്ന് നാട്ടുകാർ..
റോഡിന് മുകളിൽ ഒരടിയോളം ഉയരത്തിൽ കരിങ്കൽ കഷണങ്ങൾ നിരത്തുകയും , റോഡിൻ്റെ ഇരുഭാഗവും വീതി കൂട്ടാൻ കുഴി എടുക്കുകയും ചെയ്തതോടെ കാൽനടയാത്ര പോലും സാധിക്കുന്നില്ല. ഇതിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം 2 വാഹനങ്ങൾ റോഡ് സൈഡിലെ കുഴിയിൽ വീണെങ്കിലും ഭാഗ്യം കൊണ്ടു മാത്രം ആളപായം ഉണ്ടായില്ല.
തൃക്കരിപ്പൂരിലേക്കും പടിഞ്ഞാറൻ മേഖലകളിലേക്കുമുള്ള നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണ് ഇത്. കരിവെള്ളൂർ സമരഭൂമിയായ കുണിയനിലേക്കുള്ള റോഡ് കൂടി ആണ് ഇത്. തോട്ടിച്ചാൽ കവലയിൽ നിന്ന് കുണിയൻ പടിഞ്ഞാറ് പാലം വരെ വീതികൂട്ടി ടാർ ചെയ്യുന്നതിനും വെള്ളം കെട്ടി നിൽക്കുന്ന ഭാഗം 25 സെ.മീ. ഉയർത്തുന്നതിനുമായി 92 ലക്ഷം രൂപ അനുവദിച്ച് 2020 നവമ്പറിലാണ് പണി തുടങ്ങിയത്.
എന്നാൽ കരാറുകാരൻ്റെ അനാസ്ഥ മൂലം ഇഴഞ്ഞു നീങ്ങിയ റോഡുപണി പറമ്പത്ത് ഭഗവതീ ക്ഷേത്ര സമീപം മാത്രമേ പൂർത്തിയായുള്ളൂ.
അതിന് ശേഷം വെള്ളം കെട്ടി നിൽക്കുന്ന ഭാഗങ്ങളിൽ റോഡിന് മുകളിൽ ഒരടിയോളം കരിങ്കൽ കഷണങ്ങൾ നിരത്തുക മാത്രമേ ചെയ്തിട്ടുള്ളൂ…
കരാറുകാരനെ കൊണ്ട് ജോലി പെട്ടെന്ന് തീർക്കുന്നതിന് മുൻവാർഡുമെമ്പറും (പണി തുടങ്ങിയപ്പോൾ ഉള്ളത്) ഇപ്പോഴത്തെ വാർഡ് മെമ്പറും ഇടപെടുന്നില്ല എന്ന് മാത്രമല്ല, കരാറുകാനെതിരെ നടപടി എടുക്കാൻ മടിക്കുകയും ചെയ്യുന്നു എന്ന ആക്ഷേപമുണ്ട്. കരാറുകാരൻ്റെ കയ്യിൽ നിന്നും കൈമടക്ക് വാങ്ങി മിണ്ടാതിരിക്കുന്നു എന്ന ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നു.
മഴക്കാലത്ത് കാൽ നടയാത്ര പോലും സാധിക്കാത്ത വിധം റോഡ് തകർന്നു കിടക്കുന്നതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധവും അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: