ഒന്നര വയസുകാരൻ ആണി വിഴുങ്ങി; പരിയാരത്തെ ഡോക്ടർമാർ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കണ്ണൂർ: നീളമുള്ള ആണി വിഴുങ്ങിയ ഒന്നര വയസ്സുകാരന് രക്ഷയായി പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിദഗ്ധർ ആണി പുറത്തെടുത്തു. പീഡിയാട്രിക്‌ സർജൻ ഡോ സിജോ കെ ജോണിന്റെ നേതൃത്വത്തിലാണ്‌ ശസ്ത്രക്രിയ നടന്നത്. വൻ കുടലിന്റെ ഭാഗത്ത്‌ കുടുങ്ങിക്കിടന്ന മൂന്നിഞ്ച്‌ നീളമുള്ള ആണിയാണ് പുറത്തെടുത്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കാസർഗോഡ്‌ ഒടയഞ്ചാൽ നിവാസികളായ ദമ്പതികളുടെ ഒന്നരവയസ്സുള്ള കുഞ്ഞ്‌ ആണി വിഴുങ്ങിയത്. അമ്മൂമ്മയുടെ അടുത്തിരുന്ന കളിക്കുകയായിരുന്ന കുട്ടി കയ്യിൽ കിട്ടിയ ആണി പെട്ടെന്ന് വീഴുകയായിരുന്നു. കുട്ടി എന്തോ വായിലേക്ക് ഇടുന്നത് കണ്ട് അമ്മൂമ്മ കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും അതിനു മുൻപേ തന്നെ ഒന്നരവയസുകാരൻ ആണി വിഴുങ്ങിയിരുന്നു.
കുട്ടിയെ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ എക്സ്‌ റേ പരിശോധനയിലാണ്‌ വിഴുങ്ങിയത്‌ ആണിയാണെന്ന് മനസ്സിലാകുന്നത്‌. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക്‌ റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കൊളേജ്‌ ആശുപത്രിയിലെ തുടർ പരിശോധനയിൽ ആണി, ആമാശയത്തിലാണുള്ളതെന്ന് മനസ്സിലായി. പെട്ടന്ന് തന്നെ കുട്ടിയുടെ ജീവൻ അപകടപ്പെടാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിച്ചു .
പിന്നീട് ഭക്ഷണം കൊടുക്കാതെ ആണിയുടെ പൊസിഷൻ കൃത്യമായി മനസ്സിലാക്കാനുള്ള നടപടികൾ തുടങ്ങി. പരിശോധനയിൽ, വൻ കുടലിലെ സീക്കം ഭാഗത്തേക്ക്‌ ക്രമേണ ഇറങ്ങിയ ആണി, അവിടെ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്തി, വിഴുങ്ങിയ മൂന്നിഞ്ച്‌ നീളമുള്ള ആണി പുറത്തെടുത്തു. ഐ. സി. യുവിൽ നിന്നും വാർഡിലേക്ക്‌ മാറ്റിയ കുട്ടി സുഖം പ്രാപിച്ച്‌ വരുകയാണ്. ഇപ്പോൾ പാലുകുടിച്ച്‌ തുടങ്ങിയിട്ടുണ്ട്‌.
പീഡിയാട്രിക്‌ സർജനൊപ്പം അനസ്തേഷ്യസ്റ്റുകളായ ഡോ എം. ബി ഹരിദാസ്‌, ഡോ സജ്ന എം, ഡോ അഖിൽ എൽ എന്നിവരും സർജ്ജറിയുടെ ഭാഗമായിരുന്നു. ഒന്നരവയസ്സുകാരന്റെ ജീവൻ രക്ഷപ്പെടുത്തിയ ഡോക്ടർമാരേയും, പരിചരിച്ചുവരുന്ന നഴ്സുമാരേയും പ്രിൻസിപ്പാൾ ഡോ എസ്‌ അജിത്തും ആശുപത്രി സൂപ്രണ്ട്‌ ഡോ കെ സുദീപും അഭിനന്ദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: