പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന സർവ്വകക്ഷിയോഗം ഇന്ന്

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായ് കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് നടക്കും. സഭാനടപടികൾ സുഗമമായി മുന്നോട്ട് കൊണ്ട് പോകാനുള്ള സഹായം പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉറപ്പിയ്ക്കാനാണ് യോഗം. അതേസമയം ഇന്ധന വില വർധനവ്, കൊവിഡ് സാഹചര്യം, കർഷകസമരം, റഫാൽ ഇടപാട് തുടങ്ങിയ വിഷയങ്ങൾ ഉയർത്തി സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തിരുമാനം.
മൺസൂൺസമ്മേളനത്തിന് തുടക്കമാ‍കാൻ ഒരു ദിവസ്സം മാത്രം ബാക്കി നിൽക്കേ വിളിച്ച സർവ്വകക്ഷി യോഗത്തിൽ സർക്കാരിന് വലിയ പ്രതിക്ഷകളാണ് ഉള്ളത്. എല്ലാ വിഷയങ്ങളും സഭയിൽ ചർച്ച ചെയ്യാമെന്ന നിലപാടിൽ പ്രതിപക്ഷം സഭാ നടപടികളോട് പൂർണ്ണമായി സഹകരിയ്ക്കും എന്ന് സർക്കാർ കരുതുന്നു. ഇന്നത്തെ യോഗം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് ചേരുക. 17 പുതിയ ബില്ലുകളും മേശപ്പുറത്ത് ബാക്കിയുള്ള 33 ബില്ലുകളും പാസാക്കുകയാണ് ഇത്തവണത്തെ പ്രധാന നിയമ നിർമ്മാണ അജണ്ട. നാളെ ആരംഭിയ്ക്കുന്ന സമ്മേളനം ആഗസ്റ്റ് 13 ന് അവസാനിയ്ക്കുമ്പോൾ ആകെ 19 സമ്മേളന ദിവസ്സങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ സമ്മേളന ദിവസങ്ങൾ പ്രതിഷേധം മൂലം നഷ്ടമാകുന്നത് സർക്കാരിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.
പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾക്കു രൂപം നൽകാൻ ഇന്ന് വൈകിട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ പാർട്ടി എംപിമാർ യോഗം ചേരും. കൊവിഡ് വ്യാപനം, ഇന്ധന വിലക്കയറ്റം, ഇന്ത്യ – ചൈന അതിർത്തിത്തർക്കം, റഫാൽ യുദ്ധവിമാന ഇടപാട് എന്നിവ പാർലമെന്റിൽ ഉന്നയിക്കാനാണു കോൺഗ്രസ് തയാറെടുക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: