ബ്രണ്ണൻ കോളജ് പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് എബിവിപി മാർച്ച്

ഗവ. ബ്രണ്ണൻ കോളജ് അങ്കണത്തിൽ എബിവിപി പ്രവർത്തകർ സ്ഥാപിച്ച കൊടിമരം പിഴുതുമാറ്റി പൊലീസിനെ ഏൽപ്പിച്ചുവെന്ന് ആരോപിച്ച് രാത്രി 9 മണിയോടെ സംഘപരിവാർ സംഘടനകൾ പ്രിൻസിപ്പൽ (ഇൻ ചാർജ്) കെ.ഫൽഗുനന്റെ പാലയാട് വെള്ളൊഴുക്കു നരിവയലിലെ വാടക വീട്ടിലേക്കു മാർച്ച് നടത്തി. ചെങ്ങനൂരിൽ കൊല്ലപ്പെട്ട എബിവിപി പ്രവർത്തകൻ വിശാലിന്റെ ബലിദാനി ദിനത്തോടനുബന്ധിച്ചു കഴിഞ്ഞ ദിവസം രാത്രി എബിവിപി പ്രവർത്തകർ കോളജ് അങ്കണത്തിൽ പതാക ഉയർ‍ത്തിയിരുന്നു. ഇതു പൊലീസ് എടുത്തുമാറ്റി. ഇന്നലെ രാവിലെ പ്രിൻസിപ്പലിന്റെ അനുമതിയോടെയാണു കൊടിമരം സ്ഥാപിച്ചത‌െന്ന് പൊലീസ് പറഞ്ഞു. 2 മണിക്കൂർ നേരത്തേക്കാണ് അനുവാദം നൽകിയിരുന്നത്.സമയം കഴിഞ്ഞിട്ടും കൊടിമരം മാറ്റാത്തതിനെ തുടർന്ന് പ്രിൻസിപ്പൽ തന്നെ കൊടിമരം പിഴുതുമാറ്റി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ വർഷങ്ങളായി എസ്എഫ്ഐയുടെ കൊടിമരവും കൊടിയും തോരണങ്ങളും ചെഗവാരയുടെ ബാനറും ക്യാംപസിനകത്ത് നിറഞ്ഞു നിൽക്കുമ്പോൾ അതൊന്നും മാറ്റാതെ പ്രിൻസിപ്പൽ പ്രവർത്തിച്ചതിനെതിരെ ബിജെപി – ആർഎസ്എസ് പ്രവർത്തകർ രംഗത്തുവന്നു. തുടർന്നാണ് രാത്രി 9 മണിയോടെ മാർച്ച് നടത്തിയത്. ധർമടം എസ്ഐ മഹേഷ് കണ്ടമ്പേത്ത്, അഡീഷണൽ എസ്ഐ വി.കെ. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം മാർച്ച് നരിവയലിൽ ത‍ടഞ്ഞു.തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കൾ ഇടപെട്ടു പിന്തിരിപ്പിച്ചു. മാർച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: