പാർലമെന്റ് സമ്മേളനം ആരംഭിച്ചു: എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ തയ്യാറെന്ന് മോദി

ന്യൂഡൽഹി: എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലെത്തിയ

മോദി മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘പാർലമെന്റ് പ്രവർത്തനങ്ങൾ തടസമില്ലാതെ നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടി ഏതൊരു പാർട്ടി ഉന്നയിച്ച പ്രശ്‌നവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്’- മോദി പറഞ്ഞു.

പല ഭാഗങ്ങളിലും വെളളപ്പൊക്കമാണ്. ജനങ്ങൾ ദുരിതം അനുഭവിക്കുന്നു. ഈ കാര്യങ്ങളൊക്കെ ചർച്ച ചെയ്യണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനൊക്കെ പ്രതിപക്ഷം തയ്യാറാവുമെന്നാണ് കരുതുന്നതെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

വർഗീയ കലാപങ്ങളെക്കുറിച്ചും ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സഭയിൽ മറുപടി പറയണമെന്ന നിലപാട് ഇടതുപാർട്ടികൾ കൈകൊണ്ടിട്ടുണ്ട്. പ്രധാനമന്ത്രി മറുപടി പറയാത്ത പക്ഷം ഇത് സഭയിൽ പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയേക്കും.

ജൂലായ് 18 ന് തുടങ്ങുന്ന വർഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് സമാപിക്കുക. കഴിഞ്ഞ സമ്മേളനം ബഹളത്തിൽ മുങ്ങിയതിനാൽ കാര്യമായ സംവാദമോ ബിൽ ചർച്ചകളോ പാർലമെന്റിലുണ്ടായില്ല. സഭ സുഗമമായി നടത്താൻ സഹകരിക്കണമെന്ന് ചൊവ്വാഴ്‌ച രാവിലെചേർന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു

അതേസമയം, കോൺഗ്രസും സി.പി.എമ്മും അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പിയും സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാർട്ടികളും വിവിധ വിഷയങ്ങളിൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നതോടെ സഭ പ്രക്ഷുബ്‌ധമാകുമെന്ന് ഉറപ്പാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: