പയ്യന്നൂരിലെ നടപടി : പണാപഹരണമോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് സിപിഎമ്മിന്റെ വീശദീകരണ കുറിപ്പ്

പയ്യന്നൂരിലെ പാർട്ടി നടപടിയിൽ വിശദീകരണക്കുറിപ്പ് ഇറക്കി സിപിഎം. സംഘടനാ പ്രശ്നങ്ങളില്‍  സംഘടനാ മാനദണ്ഡമനുസരിച്ചുള്ള നടപടിയാണ് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് ഫണ്ടിലോ, എകെജി ഭവന്‍ നിര്‍മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ  പണാപഹരണം നടന്നിട്ടില്ല. എന്നാൽ വരവ്-ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ഏരിയാ കമ്മിറ്റിയില്‍ അവതരിപ്പിക്കുന്നതില്‍ ചുമതലക്കാര്‍ക്ക് വീഴ്ച സംഭവിച്ചു. പക്ഷേ ഇതിന്റെ മറവിൽ, വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല.ഗൗരവമായ ജാഗ്രതക്കുറവും യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണ് പയ്യന്നൂരിലുണ്ടായ വീഴ്ച. അത് കണക്കിലെടുത്താണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.ഐ.മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റിയതെന്നും പാർട്ടി വിശദീകരിക്കുന്നു. ടി.വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതും, കെ.കെ ഗംഗാധരന്‍, കെ.പി.മധു എന്നിവരെ ശാസിക്കാൻ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്. ഓഫീസ് ജീവനക്കാര്‍ക്ക് ചില വീഴ്ച സംഭവിച്ചതായി കണ്ടെത്തി. എന്നാൽ അത് സാമ്പത്തിക കാര്യങ്ങളിലല്ലെന്നും പാർട്ടി വിശദീകരിക്കുന്നു. ഈ അച്ചടക്ക നടപടികള്‍ക്കെല്ലാം സംസ്ഥാന കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ മറിച്ചുള്ള പ്രചരണങ്ങൾ പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും സിപിഎം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കുഞ്ഞികൃഷ്ണന്റെ പേരിൽ നടപടി എടുത്തതല്ലെന്നും പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയിൽ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കാനാണ് ഉയര്‍ന്ന ഘടകമായ സംസ്ഥാന കമ്മിറ്റിയംഗത്തിന് ഏരിയാ സെക്രട്ടറിയുടെ ചുമതല കൊടുത്തതെന്നും പാർട്ടി വ്യക്തമാക്കുന്നു. സിപിഎമ്മിനെ ദുര്‍ബ്ബലപ്പെടുത്തുക എന്നത് കോര്‍പ്പറേറ്റ്-വലതുപക്ഷ അജണ്ടയാണ്. അതിൽ പ്രവ‍ർത്തകർ വീണുപോകരുതെന്നുള്ള അഭ്യർത്ഥനയും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്.അതേസമയം ഫണ്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട നടപടിക്ക് പിന്നാലെ പ്രവർത്തകരിൽ വലിയൊരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിൽ പയ്യന്നൂരിൽ അനുനയ നീക്കവുമായി സിപിഎം രംഗത്തെത്തിയിരുന്നു. സിപിഎമ്മുമായി ഇനി ഒരു സഹകരണത്തിനുമില്ലെന്ന് പറഞ്ഞ് വി.കുഞ്ഞിക്കൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പറഞ്ഞത് പാർട്ടിക്കാർക്കിടയിൽ വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. പാർട്ടി നേതൃത്വം കുഞ്ഞിക്കൃഷ്ണനെതിരെ സ്വീകരിച്ച നടപടി വലിയ തോതിൽ ജനങ്ങൾക്കിടയിൽ ചർച്ചയാവുകയാണ്. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. വെള്ളൂരിൽ പ്രവർത്തകർ ഒന്നടങ്കം കുഞ്ഞികൃഷ്ണന്റെ ചിത്രം വാട്സാപ് സ്റ്റാറ്റസാക്കി. പാർട്ടി പ്രചാരണത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കൂട്ടത്തോടെ പ്രവർത്തകർ പുറത്തു പോയി. ഈ സാഹചര്യത്തിൽ കൂടിയാണ് ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: